ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ചികിത്സ സഹായ പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ :ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ചികിത്സ സഹായ പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, ഒരു വർഷത്തേക്ക് ആവശ്യമായ ഡയാലിസിസ് കിറ്റും മരുന്നുകളും സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്. 2022 -23 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സർവ്വേ നടത്തിയാണ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ അർഹതപ്പെട്ട 136 പേർക്കാണ് മരുന്നുകൾ സൗജന്യമായി നൽകുന്നത്. ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. നിലവിൽ ആറുമാസം വിതരണം ചെയ്യാനുള്ള മരുന്നുകൾ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ക്യാൻസർ രോഗികൾക്കും സമാന രീതിയിൽ മരുന്ന് വിതരണം ചെയ്യാനുള്ള ആലോചനയിലാണ്. ബ്ലോക്ക് പഞ്ചായത്ത് ചികിത്സ ചെലവ് കണ്ടെത്താൻ പല കുടുംബങ്ങളും പ്രയാസപ്പെടുന്നതിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു.

Top News from last week.