കണ്ണൂര്‍: ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളുടെ വികസനത്തിനായി ഇനിയും സര്‍ക്കാര്‍ കനിയണം. എടക്കാനം റിവര്‍ വ്യൂ പോയിന്റ് ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇരിട്ടി പുഴയും അകംതുരുത്തി ദ്വീപും പുല്‍ത്തകിടികളും പടര്‍ന്ന് പന്തലിച്ച മരങ്ങളും, വിവിധയിനം ചെടികളും, പഴശ്ശി പദ്ധതിയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 10 ഏക്കറിലാണ് ഇരിട്ടി നഗരസഭയുടെ ഭാഗമായ എടക്കാനം റിവര്‍ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്.
കോടമഞ്ഞുകൊണ്ട് മൂടിയ നിലയിലാണ് ഈ പ്രദേശത്തെ ജലാശയങ്ങള്‍. വിനോദ സഞ്ചാരികള്‍ ധാരാളമായി ഇപ്പോഴും എത്തുന്നുണ്ട്. ഒരുകാലത്ത് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്നു പഴശി ഡാം. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് മൂലം വിനോദ സഞ്ചാരികള്‍ അകന്നുപോയി. അതേസമയം ദേശാടന പക്ഷികളുടെ അടക്കം നിരവധി പക്ഷികളുടെ ഇഷ്ട കേന്ദ്രമാണ് അകംതുരുത്തി.
റിവര്‍വ്യൂ പോയന്റ് വികസനത്തിന് ഇരിട്ടി നഗരസഭയും ഹരിത കേരള മിഷനും, ജില്ല ശുചിത്വ മിഷനും ഡി.ടി.പി.സിയും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അതിവിപുലമായ ടൂറിസം പദ്ധതിക്കായി രൂപരേഖയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പില്‍ ഈ രൂപരേഖ സമര്‍പ്പിച്ചെങ്കിലും നടപടിയായില്ലെന്നാണ് വിവരം.




