വരണ്ട കാലാവസ്ഥയ്ക്കും പൊള്ളുന്ന താപനിലയ്ക്കും പേരുകേട്ട ദുബായിൽ തിങ്കളാഴ്ച അർധരാത്രി മുതൽ പേമാരി പെയ്തു. ഇത് രാജ്യത്തുടനീളം വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. അപ്രതീക്ഷിതമായ മഴ, തിരക്കേറിയ നഗരത്തിൻ്റെ സാധാരണ ഗതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, പ്രദേശത്തെ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാവുകയും ചെയ്തു.
യുഎഇയിൽ വാർഷിക മഴ ശരാശരി 200 മില്ലിമീറ്ററിൽ താഴെയാണ്. വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതിനാൽ, ഭൂഗർഭജല സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്ന യു.എ.ഇ.യുടെ ജലസ്രോതസ്സുകൾ കടുത്ത സമ്മർദ്ദം നേരിടേണ്ടി വരാറുണ്ട്. ഈ അടിയന്തിര പ്രശ്‌നത്തെ ചെറുക്കുന്നതിന് യുഎഇ നൂതനമായ പരിഹാരങ്ങൾക്ക് തുടക്കമിട്ടു, അതിലൊന്നാണ് ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ സൃഷ്ടിക്കുകയെന്നുള്ളത്.
എന്താണ് ക്ലൗഡ് സീഡിംഗ്?
മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ വിമാനങ്ങൾ ഉപയോഗിച്ചാണ് രാസവസ്തുക്കൾ മേഘങ്ങൾക്ക് മുകളിൽ വിതറുക. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും.
ക്ലൗഡ് സീഡിംഗിൽ മഴ മേഘങ്ങളെ കൃത്രിമമായി നിർമ്മിക്കുന്നില്ല. മറിച്ച് പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യൻ നിർബന്ധിച്ച് വേറെ മേഖലകളിൽ പെയ്യിക്കുകയാണ് ചെയ്യുന്നത്.
1982-ലാണ് യുഎഇ ആദ്യമായി ക്ലൗഡ് സീഡിംഗ് പരീക്ഷിച്ചത്. 2000-കളുടെ തുടക്കത്തിൽ, ഗൾഫ് രാജ്യങ്ങളുടെ കൃത്രിമ മഴ പദ്ധതിക്ക് കരുത്തേകിയത് അമേരിക്കയിലെ കൊളറാഡോയിലെ നാഷണൽ സെൻ്റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ച് (NCAR), ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസ്‌റാൻഡ് യൂണിവേഴ്‌സിറ്റി, നാസ എന്നിവയുമായി സഹകരിച്ചുള്ള ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളാണ്. എമിറേറ്റ്‌സിൻ്റെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) നിയന്ത്രിക്കുന്ന യുഎഇയുടെ റെയിൻ എൻഹാൻസ്‌മെൻ്റ് പ്രോഗ്രാം (UAEREP) ആണ് ഇതിന് നേതൃത്വം നൽകുന്നത്. നിലവിൽ അറുപതിലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. സംയോജിത റഡാർ ശൃംഖലയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയാണ് ക്ലൗഡ് സീഡിംഗ് പ്രവർത്തനം. അഞ്ച് പ്രത്യേക വിമാനങ്ങൾ ഇതിനായി മാത്രം യുഎഇ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങളുടെ 75 വർഷത്തെ ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത തരം മഴ പെയ്തതോടുകൂടി ക്ലൗഡ് സീഡിംഗിൻ്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്. അസന്തുലിതമായ കാലാവസ്ഥ തരംഗങ്ങൾ രണ്ടുതവണ ഈ പ്രദേശത്തുകൂടി കടന്നുപോയതും ഉപരിതല സമ്മർദം കുറവായതുമാണ് ഇത്തരത്തിൽ ശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.