തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. “ഒരാൾ ഊണ് കഴിക്കുന്നത് തെറ്റാണോ” എന്ന് ചോദിച്ച മന്ത്രി, ഉയർന്നുവരുന്ന ആരോപണങ്ങൾ വിഷയദാരിദ്ര്യം മൂലമുള്ളതാണെന്നും ദുരന്തങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അനാവശ്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഹെലികോപ്റ്റർ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ളതാണെന്നും യാത്രാമധ്യേ മുഖ്യമന്ത്രി ഭാര്യപിതാവിനെ കാണുക മാത്രമാണ് ചെയ്തതെന്നും ന്യായീകരിച്ചു.
അതിനിടെ, കനത്ത മഴയുടെ പശ്ചാത്തലത്തിൽ പകര്ച്ചവ്യാധികൾക്കെതിരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രതിരോധ നടപടികൾ പൂർത്തിയാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും എവിടെ നിന്നും മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
മഴയും പ്രളയഭീതിയും കാരണം ജനങ്ങൾ ദുരിതത്തിലായ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വിരുന്നുകളിൽ പങ്കെടുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വസതിയിലെ ഉച്ചഭക്ഷണ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.








