ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ കുപ്പായത്തിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വരുന്ന 2026-27 യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 24-ന് വെയിൽസിനെതിരെ നടക്കുന്ന മത്സരത്തോടെ താരം വിടപറഞ്ഞേക്കുമെന്നാണ് മാധ്യമപ്രവർത്തകനായ മുഹമ്മദ് അവാദ് വെളിപ്പെടുത്തുന്നത്. കരിയറിന് തുടക്കമിട്ട സ്പോർട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അൽവലാഡെ സ്റ്റേഡിയമാണ് ഈ അവിസ്മരണീയ നിമിഷത്തിന് വേദിയാകുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനോ റൊണാൾഡോയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സ്പോർട്ടിങ് സിപിയുടെ അക്കാദമിയിലൂടെ വളർന്ന് 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ 41-കാരനായ റൊണാൾഡോ, പിന്നീടുള്ള രണ്ട് പതിറ്റാണ്ടുകൾ ലോക ഫുട്ബോളിന്റെ നെറുകയിലായിരുന്നു. 233 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയ താരം, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഉയർന്ന ഗോൾവേട്ടക്കാരനുമാണ്. 2016-ലെ യൂറോ കപ്പും 2019-ലെ നേഷൻസ് ലീഗുമാണ് പ്രധാന നേട്ടങ്ങൾ. കഴിഞ്ഞ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ സ്പെയിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ജോർജ്ജ് ജീസസ് പുതിയ പരിശീലകനായി എത്തിയെങ്കിലും, അദ്ദേഹത്തിന് കീഴിൽ തുടരുന്നതിനെക്കുറിച്ച് റൊണാൾഡോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.









