പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് മാറ്റേണ്ടത്: നിർണ്ണായക നിലപാടുമായി ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥയ്ക്കെതിരെ അതിശക്തമായ നിലപാടുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രത്തിന് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീകളെ അടക്കിനിർത്താൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം പുരുഷന്മാരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലുമുണ്ടാകേണ്ട മാറ്റമാണ്. ഒരു സ്ത്രീ ധരിച്ചിരിക്കുന്ന വസ്ത്രം അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഒരിക്കലും ന്യായീകരണമല്ലെന്നും, അതിൻ്റെ പേരിൽ ഇരയെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജീൻസ് ധരിച്ചതിന്റെ പേരിൽ പതിനേഴുകാരിക്ക് നേരെ നടന്ന അതിക്രമത്തിലെ പ്രതിയെ കീഴ്‌ക്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. മലയാളി കൂടിയായ ജസ്റ്റിസ് സി. സുധയുടേതാണ് കേസിൽ കൃത്യമായ സന്ദേശം നൽകുന്ന ഈ വിധിന്യായം.









