പാട്ടുകളുടെ പ്രപഞ്ചം ബാക്കിയാക്കി ജോൺസൺ മാഷ് വിട്ടുപിരിഞ്ഞിട്ട് 14 വർഷം

 

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺ മാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും.

തൃശ്ശൂർ നെല്ലിക്കുന്ന സ്വദേശിയാണ് ജോൺസൺ. അതുല്യ സംഗീതജ്ഞൻ ജി ദേവരാജന്റെ ശിഷ്യനായാണ് ജോൺസന്റെ തുടക്കം. ഹാർമോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതൻ സിനിമയിലൂടെയാണ് ജോൺസൺ സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ പതിനേഴോളം പത്മരാജൻ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ് എന്നിവരുടെ സിനിമകളും ജോൺസൺ ടച്ചുള്ളവയാണ്.

അനുരാഗിണീ ഇതാ നിൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന് മനസിലെങ്കിലും പാടാതെ ആർക്കെങ്കിലും പ്രണയിക്കാനാകുമോ? ഈണങ്ങളിലൂടെ ഒരായുഷ്‌ക്കാലം നമ്മെ കീഴ്പ്പെടുത്തിക്കളഞ്ഞു ജോൺസൺ മാഷ്. പശ്ചാത്തല സംഗീതം മാത്രം കേട്ടാൽ പത്മരാജൻ സിനിമകൾ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നത് അതുകൊണ്ടാണ്.മലയാളികളുടെ പ്രിയപ്പെട്ട നിരവധി ചലച്ചിത്രങ്ങൾ നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചതിൽ ജോൺസൺ മാഷിന്റെ സംഗീതവും ഒരു പ്രധാനപ്പെട്ട ഘടകമാണ്. പിൻഗാമി, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി അനേകം ചിത്രങ്ങളിൽ ജോൺസൺ ഹൃദയസ്പർശിയായ സംഗീതമൊരുക്കി.

ജോൺസൺ സംഗീതത്തിന്റെ അപാരമായ വശീകരണ സിദ്ധിയിൽ വീണുപോയ മലയാളിക്ക് ജോൺസന്റെ പെട്ടെന്നുള്ള വിയോഗം ഉൾക്കൊള്ളാനേ സാധിച്ചില്ല. ഇനിയൊന്നു പാടൂ ഹൃദയമേ എന്ന് നമ്മൾ ഒരിക്കൽക്കൂടി മനസിൽ പാടിയിരിക്കും.

Top News from last week.

Latest News

More from this section