തൃശൂർ: പൊലീസ് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിശുദ്ധനല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. ഇന്നലത്തെ തന്റെ പ്രസംഗത്തിലെ പരാമർശം നാക്കു പിഴയല്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിന്റെ കല്യാണം വലിയ സംഭവമാക്കി മാധ്യമങ്ങൾ നൽകാൻ മാത്രം വിശുദ്ധനല്ല സുജിത്, എന്ന് താൻ പറഞ്ഞത് നാക്കു പിഴയല്ല. അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ വസ്തുതകൾ ജനങ്ങൾ അറിയാൻ വേണ്ടിയാണെന്നും ഡിസിസി പ്രസിഡണ്ട് അത് നിഷേധിച്ചിട്ടില്ലെന്നും അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി.
സുജിത് വിഷയത്തിൽ, പൊലീസ് തല്ലാൻ പാടില്ലായിരുന്നുവെന്നും, എന്നാൽ തനിക്ക് നാക്ക് പിഴ പറ്റിയിട്ടില്ലെന്നും, പറഞ്ഞത് വസ്തുതാപരമാണെന്നും കെ വി അബ്ദുൾഖാദർ. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം അവതരിപ്പിച്ച ഘട്ടത്തിൽ വസ്തുതകൾ പൂർണമായി പറയാൻ ഡിസിസി പ്രസിഡന്റോ കോൺഗ്രസ് നേതാക്കളോ തയ്യാറായിരുന്നില്ല.
സുജിത്ത് ഏതെങ്കിലും കേസിൽ പ്രതിയാണോയെന്നോ ഏത് സാഹചര്യത്തിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്നോ ആരും കൃത്യമായി പറഞ്ഞിട്ടില്ല. സുജിത് പൊലീസുമായി മൽപിടുത്തമുണ്ടായിയെന്നത് വിദഗ്ദമായി മറച്ച് പിടിക്കുകയും ചെയ്തു. കല്ലുമ്പുറത്ത് ഒരു പള്ളിപ്പെരുനാളിനും സുജിത് തല്ലുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതാണ്. പൊലീസ് തല്ലാൻ പാടില്ല എന്നത് അംഗീകരിക്കുന്നു. എന്നാൽ അതിന്റെ മറുവശം ആരും അന്വേഷിക്കുന്നില്ല









