
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ മലയാളം വെർഷൻ ആരംഭിച്ചിട്ട് ആറ് സീസണുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് മുതൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തിരശ്ശീല ഉയരും. ഇന്ന് വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ ഷോ സംപ്രേക്ഷണം ചെയ്യും. ഒപ്പം ജിയോ ഹോട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് ഗ്രാന്റ് ലോഞ്ച് കാണാനാകും.
വർണ ശബളമായ ആഘോഷരാവിൽ തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ ഷോ അവതാരകനായ മോഹൻലാൽ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്ടിലേക്ക് പറഞ്ഞുവിടും. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായിട്ടാകും ബിഗ് ബോസ് മലയാളം സീസൺ 7 വരിക എന്നാണ് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.









