ആഗോള ദക്ഷിണ രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തണമെന്ന് ജയശങ്കർ


ആഗോള ദക്ഷിണ രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തണമെന്ന് ജയശങ്കർ

ന്യൂയോർക്ക്: സംഘർഷങ്ങൾ, വ്യാപാര-സാമ്പത്തിക വെല്ലുവിളികൾ, കാലാവസ്ഥാ ആഘാതങ്ങൾ, ബഹുരാഷ്ട്ര സംവിധാനത്തിലെ സമ്മർദ്ദങ്ങൾ എന്നിവ നേരിടാൻ ആഗോള ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ആവശ്യപ്പെട്ടു.
ന്യൂയോർക്കിൽ 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഭാഗമായി നടന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ സമ്മർദ്ദങ്ങൾ, നിക്ഷേപ പ്രവാഹങ്ങളിലെ വിഘടനം, കടബാധ്യതാ പ്രതിസന്ധി, വികസന ധനസഹായത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണ് നിലവിലെ ആഗോള സാഹചര്യത്തിന്റെ പ്രധാന വെല്ലുവിളികളെന്ന് ജയശങ്കർ പറഞ്ഞു.
വിതരണ ശൃംഖല, ധനകാര്യം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ തടസ്സങ്ങൾ മറികടക്കാൻ രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കണം. ഊർജലഭ്യതയും വിലയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ധാന്യ-വളം വിതരണത്തിലെ വെല്ലുവിളികൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായവൽക്കരണവും ഉൽപ്പാദനശേഷിയും വർധിപ്പിക്കുന്നതിനൊപ്പം സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുകയും നാവികരുടെയും വാണിജ്യ കപ്പലുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച സൃഷ്ടിക്കുന്ന മാറ്റങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പുതിയ വിഭജനങ്ങൾക്ക് കാരണമാകാതിരിക്കാൻ കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ജയശങ്കർ വ്യക്തമാക്കി.
ഇറ്റലിയുമായി ചർച്ച
യുഎൻ പൊതുസഭയ്ക്കിടെ ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയിലെ സാഹചര്യം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC), യുക്രൈൻ സംഘർഷം എന്നിവ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വ്യാപാരബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.
ഇന്ത്യ-CELAC ബന്ധം ശക്തിപ്പെടുത്തണം
ന്യൂയോർക്കിൽ നടന്ന ഇന്ത്യ-CELAC വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുത്തു. ഇന്ത്യയും ലാറ്റിൻ അമേരിക്കൻ-കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ CELACയും തമ്മിലുള്ള സാമ്പത്തിക-വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇരു മേഖലകളും തമ്മിലുള്ള വാർഷിക വ്യാപാരം 50 ബില്യൺ ഡോളർ കടന്നതായും ജയശങ്കർ വ്യക്തമാക്കി.
സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, ഡിജിറ്റൽ മേഖല എന്നിവയിൽ ഇന്ത്യയുടെ ശേഷിയും നിർണായക ധാതുക്കൾ, സുസ്ഥിര ഊർജം, കൃഷി, ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയ മേഖലകളിലെ CELAC രാജ്യങ്ങളുടെ സാധ്യതകളും പരസ്പരപൂരകമാണെന്ന് അദ്ദേഹം പറഞ്ഞു.
കരീബിയൻ മേഖലയിലെ ഉപജീവന പദ്ധതികൾ, ചുഴലിക്കാറ്റിന് ശേഷമുള്ള സഹായം, ഭൂകമ്പത്തെ തുടർന്ന് വെനസ്വേലയിലേക്ക് സൈനിക ആശുപത്രികൾ അയച്ചത്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മരുന്നുകൾ എത്തിച്ചത് തുടങ്ങിയ ഇന്ത്യയുടെ വികസന സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത വർഷം മുതൽ ഇന്ത്യ-CELAC വാർഷിക ബിസിനസ് ഉച്ചകോടിയുടെ നിലവാരം ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ജയശങ്കർ നിർദേശിച്ചു.








