നികുതി വെട്ടിപ്പിന് പുതിയ തന്ത്രങ്ങളുമായി ജ്വല്ലറികൾ, ഒരു ജ്വല്ലറി മാത്രം 100 കോടി രൂപയോളം നികുതി വെട്ടിച്ചു, ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുമ്പോൾ, ചില ജ്വല്ലറികൾ ലാഭം കുറച്ച് കാണിച്ച് നികുതി വെട്ടിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. അക്കൗണ്ടിംഗ് നിയമങ്ങളിൽ കൃത്രിമം കാട്ടിയാണ് ഇവർ നികുതി വെട്ടിപ്പ് നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ അഞ്ച്-ആറ് വർഷമായി ഈ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇതിലൂടെ ഒരു ജ്വല്ലറി സ്ഥാപനം മാത്രം 100 കോടി രൂപയോളം നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജ്വല്ലറികൾ അവരുടെ സ്റ്റോക്ക് മൂല്യനിർണ്ണയ രീതി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. എഫ്ഐഎഫ്ഒ (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്) രീതിക്ക് പകരം എൽഐഎഫ്ഒ ( ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് ) രീതി ഉപയോഗിച്ചാണ് ഇവർ ലാഭം കുറച്ച് കാണിക്കുന്നത്.

തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ

എഫ്ഐഎഫ്ഒ (ആദ്യം വാങ്ങിയത് ആദ്യം വിൽക്കുന്നു): ഈ രീതിയിൽ, ആദ്യം വാങ്ങിയ സ്വർണ്ണം ആദ്യം വിൽക്കുന്നു. സ്വർണവില കൂടിക്കൊണ്ടിരിക്കുമ്പോൾ, പഴയതും വില കുറഞ്ഞതുമായ സ്വർണ്ണം വിൽക്കുമ്പോൾ, സ്റ്റോക്കിൽ ശേഷിക്കുന്നത് വില കൂടിയ സ്വർണ്ണമായിരിക്കും. ഇത് ലാഭം കൂടുതൽ കാണിക്കാൻ സഹായിക്കുന്നു.
എൽഐഎഫ്ഒ (അവസാനം വാങ്ങിയത് ആദ്യം വിൽക്കുന്നു): ഈ രീതിയിൽ, അവസാനം വാങ്ങിയ സ്വർണ്ണം ആദ്യം വിൽക്കുന്നു. സ്വർണവില കൂടുന്ന സാഹചര്യത്തിൽ, വില കൂടിയ സ്വർണ്ണം ആദ്യം വിൽക്കുമ്പോൾ, സ്റ്റോക്കിൽ ശേഷിക്കുന്നത് വില കുറഞ്ഞ സ്വർണ്ണമായിരിക്കും. ഇത് സ്റ്റോക്കിന്റെ മൂല്യം കുറയ്ക്കുകയും അതുവഴി ലാഭം കുറച്ച് കാണിച്ച് നികുതി വെട്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ആദായനികുതി നിയമപ്രകാരം 2016-17 സാമ്പത്തിക വർഷം മുതൽ ബിസിനസ് സ്ഥാപനങ്ങൾ സ്റ്റോക്ക് മൂല്യനിർണ്ണയത്തിനായി എഫ്ഐഎഫ്ഒ അല്ലെങ്കിൽ ‘വെയ്റ്റഡ് ആവറേജ് കോസ്റ്റ്’ രീതി മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ, ഈ നിയമം ലംഘിച്ച് എൽഐഎഫ്ഒ രീതി ഉപയോഗിച്ചാണ് പല ജ്വല്ലറികളും നികുതി വെട്ടിച്ചിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ നടപടികൾ

സ്വർണവിലയിലെ വർദ്ധനവ് മുതലെടുത്ത് നിരവധി ജ്വല്ലറികൾ ഈ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതിനാൽ, എൽഐഎഫ്ഒ രീതി ഉപയോഗിച്ച ഇടപാടുകൾ കണ്ടെത്താൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Top News from last week.

Latest News

More from this section