ജോൺസൻ ആന്റ് ജോൺസണ് തിരിച്ചടി; 966 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി

ലോസ് ഏഞ്ചല്‍സ്: ബേബി പൗഡറിന്റെ ഉപയോഗം മൂലം മെസോതെലിയോമ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) നല്‍കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. ടാല്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോപിച്ച് നടത്തിയ വിചാരണയിലാണ് ലോസ് ഏഞ്ചല്‍സ് ജൂറിയുടെ ഉത്തരവ്. കാലിഫോര്‍ണിയ നിവാസിയായ മേ മൂറിന്‍ (88) 2021 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മെസോതെലിയോമ എന്ന ക്യാന്‍സറാണ് ഇവരെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കമാണ്. ജോണ്‍സണ്‍സിന്റെ ബേബി പൗഡറില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിന്റെ കുടുംബം കേസ് നല്‍കുകയായിരുന്നു. കേസിലെ അന്തിമ വിധി പ്രകാരം കമ്പനിക്ക് കോടതി 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും, 950 മില്യണ്‍ ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും വിധിച്ചു. തങ്ങളുടെ ഉല്‍പ്പന്നത്തില്‍ ടാല്‍ക് കാന്‍സറിന് കാരണമാകില്ലെന്നും ആസ്ബസ്റ്റോസ് ഇല്ലെന്നും ജെ&ജെ ഉറച്ചുപറയുമ്പോഴും, കമ്പനിക്കെതിരെ 70,000ത്തിലധികം കേസുകളാണ് നിലവില്‍ രാജ്യത്തുടനീളം ഉള്ളത്. മേ മൂവര്‍ ഏകദേശം 80 വര്‍ഷത്തോളം ജെ&ജെ ബേബി പൗഡറും ഷവര്‍ ടു ഷവര്‍ പൗഡറും ഉപയോഗിച്ചിരുന്നതായി അഭിഭാഷക ജെസ്സിക്ക ഡീന്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ കാന്‍സര്‍ സാധ്യത വ്യക്തമാക്കാതെ ഉപഭോക്താവിനെ വഞ്ചിക്കാന്‍ കമ്പനി ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി.

Top News from last week.