പാലത്തായി പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണം–ഡിവൈഎഫ്‌ഐ


കണ്ണൂർ :പാലത്തായിയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്ന് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി മുഹമ്മദ് അഫ്‌സലും പ്രസിഡന്റ് കെ അനുശ്രീയും ആവശ്യപ്പെട്ടു. നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ജീവിതാവസാനംവരെ തടവിന് ശിക്ഷിച്ച ബിജെപി നേതാവിന് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശമാവും നൽകുക. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി പീഡനകേസ് പ്രതിയെ ജയിലിലടക്കാൻ നടപടിയെടുക്കണം.

ഹൈക്കോടതിയിൽ പ്രോസിക്യുഷനും പ്രതിഭാഗവും ഒത്തുകളിച്ചതിന്റെ ഫലമായാണ് ഇത്തരമൊരു തീർപ്പ് നീതിപീഠത്തിൽ നിന്നുണ്ടായത്. ജാമ്യ ഹർജി പരിഗണിക്കും മുന്പ് കുട്ടിയുടെ കുടുംബം ഡയരക്‌ടർ ജനറൽ ഓഫ് പ്രോസിക്യുഷന് നൽകിയ പരാതി പോലും ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപമുണ്ട്. യുഡിഎഫ്–ബിജെപി ഒത്തുകളിയുടെ ഫലമായി ബിജെപി നേതാവിന് ജാമ്യം ലഭിക്കാൻ സഹായകമായ നിലപാട് സർക്കാർ സംവിധാനമാകെ സ്വീകരിച്ചു. നീതിന്യായ സംവിധാനത്തിലുള്ള ജനവിശ്വാസം നഷ്‌ടപ്പെടുത്തുന്നതാണ് ഇൗ വിധി.
പാലത്തായി കേസ് നന്നായി അറിയാവുന്ന ആളുകളാണ് നിലവിലുള്ള ഡയരക്‌ടർ ജനറൽ ഓഫ് പ്രോസിക്യുഷനും അഡീഷനൽ ഡയരക്‌ടർ ജനറൽ ഓഫ് പ്രോസിക്യുഷനും. ഇവരാരും ഹാജരാകാതെ ഗവ. പ്ലീഡറെ ജാമ്യ ഹർജി പരിഗണിച്ച കോടതിയിൽ അയച്ചതിലും ദുരൂഹതയുണ്ട്. ഒക്‌ടോബറിൽ പരിഗണിക്കാൻ മാറ്റിവെച്ച കേസ് ഇത്രവേഗം പരിഗണിക്കാനും തീർപ്പു കൽപിക്കാനും ഇടയായത് ആരുടെ താൽപര്യമാണെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാവും. യുഡിഎഫ് സർക്കാറിന്റെ സ്‌ത്രീവിരുദ്ധ നിലപാടാണ് പാലത്തായി കേസിലൂടെ പുറത്തുവന്നതെന്നും ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.







