ദില്ലി:ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. കോൺഗ്രസാണ് യോഗത്തിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. തുഷാർ ഗാന്ധിയുടെ പേര് തൃണമൂൽ കോൺഗ്രസ് എതിർത്തു. സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈ അടക്കം ചില പേരുകൾ ചർച്ചയായിരുന്നു. സിപി രാധാകൃഷ്ണനാണ് എൻഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി.
ജസ്റ്റിസ് സുദർശൻ റെഡ്ഡി
സുദർശൻ റെഡ്ഡി 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിൻറെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.









