ജ്യോതി മൽഹോത്രയുടെ പാക്ചാരബന്ധം:ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം

 

ന്യൂഡൽഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് പാകിസ്ഥാനിലെ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഐഎസ്‌ഐ അംഗങ്ങളായ നാല് പേരുമായി നിരന്തരം സംസാരിച്ചതിൻറെ തെളിവുകൾ പൊലീസിന് ലഭിച്ചു. പാക് ചാരൻമാരാണെന്ന് അറിഞ്ഞിട്ടും അവരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സന്ദർശനത്തിനിടെ അവർ കണ്ടുമുട്ടിയ ഡാനിഷ്, അഹ്സാൻ, ഷാഹിദ് എന്നിവരുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇവർ ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്ക് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി(ഐഎസ്ഐ)യിൽ എന്ത് പദവികളാണുള്ളതെന്നും അന്വേഷണം നടക്കുന്നുണ്ട്.
പൊലീസ് ഇവരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഫോൺ മെസേജുകളും വാട്സ് ആപ്പ് മെസേജുകളും ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇതെല്ലാം വീണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾക്കായി ഈ ഡാറ്റ ഇപ്പോൾ പരിശോധിച്ചു വരികയാണ്. കണ്ടെടുത്ത മെസേജുകളും ചാറ്റുകളും ജ്യോതി മൽഹോത്രയ്ക്കെതിരെയുള്ള കൂടുതൽ തെളിവുകളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയിട്ട് തന്നെയാണ് ഇവർ നിരന്തരം അവരുമായി സംസാരിച്ചിരുന്നതെന്ന് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് പറയുന്നു.
നേരത്തെ ജ്യോതി മൽഹോത്രയുടെ ആഡംബര യാത്രകളും വരുമാനത്തിന് ആനുപാതികമല്ലാത്ത ചെലവിനേക്കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. ഇവരുടെ പണമിടപാട് അന്വേഷിക്കാൻ ഹരിയാന പൊലീസ് കേന്ദ്ര ഏജൻസികളെ സമീപിക്കും. 26 പേരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്. നാല് ലക്ഷം സബ്സ്‌ക്രൈബർമാരുള്ള യൂ ട്യൂബർ അടുത്തിടെ പാകിസ്ഥാനും ചൈനയും സന്ദർശിച്ചിരുന്നു.
പാകിസ്ഥാനിൽ ജ്യോതി മൽഹോത്ര സന്ദർശനം നടത്തുന്ന സമയത്ത് എകെ 47 ധാരികളായ ആളുകൾ കാവൽ നിൽക്കുന്നതിന്റെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ സന്ദർശിച്ച ഒരു സ്‌കോട്ടിഷ് യൂട്യൂബർ ലാഹോറിലെ അനാർക്കലി ബസാർ സന്ദർശനത്തിനിടെ കണ്ടുമുട്ടിയപ്പോൾ സുരക്ഷ കണ്ട് ഞെട്ടി. ഇത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആറ് തോക്കുധാരികൾ അന്ന് ജ്യോതി മൽഹോത്രയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നു. വിഡിയോയിൽ കാണുന്ന ആയുധധാരികളായ പുരുഷൻമാർ യൂണിഫോമിലായിരുന്നില്ല. പാകിസ്ഥാനിൽ ജ്യോതി മൽഹോത്രയ്ക്ക് ഇത്രയും വിഐപി പരിഗണനയും സുരക്ഷയും ലഭിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോൾ.

Top News from last week.

Latest News

More from this section