തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹർജി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.

കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയില്‍ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ല്‍ ബാബു തിരഞ്ഞെടുക്കപ്പെട്ടത്.

അവസാന റൗണ്ട് വരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എം.എല്‍.എ. കൂടിയായ സി.പി.എമ്മിന്റെ എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ. ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.

Top News from last week.

Latest News

More from this section