കണ്ണൂർ: മുസ്ലിം ലീഗ് നേതാവിനെ പൊതു വേദിയിൽ ചേർത്തു പിടിച്ച് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ എം.പി. ഇത് വേദിയിലും സദസിലുമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും കൗതുകമായി. ഇന്നു രാവിലെ ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫ് നേതൃ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ.സി.വേണു ഗോപാൽ. തൊട്ടടുത്തിരുന്ന മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരിയെയാണ് കൈ കൊണ്ട് ചേർത്തു പിടിച്ച് തന്റെ മുഖത്തോടടുപ്പിച്ചത്. പെട്ടെന്നുള്ള വേണു ഗോപാലിന്റെ ഈ പ്രകടനത്തിൽ അബ്ദുൽ കരീം ചേലേരി ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ചേർന്നു നിന്ന് സന്തോഷം പങ്കുവെച്ചു. ഇതേ കുറിച്ച് തന്റെ സന്തോഷം പങ്കുവെച്ച് അബ്ദുൽ കരീം ചേലേരി ഫേസ് ബുക്കിലിട്ട കുറിപ്പും വൈറലാകുകയാണ്. കുറിപ്പിന്റെ പൂർണ രൂപം:
ചേർത്ത് പിടിച്ച് കെ.സി.
കെ.സി.വേണുഗോപാൽ
ഇ.അഹമദ് സാഹിബിന് ശേഷം ദേശീയ രാഷ്ട്രീയത്തിൽ കണ്ണൂരിൽ നിന്ന് ഉദിച്ചുയർന്ന കരുത്തൻ.
യു.ഡി.എഫ്. ജില്ലാ നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ.സി.
സംസാര മധ്യേ ഇ. അഹമദ് ഫൗണ്ടേഷൻ ഡൽഹിയിൽ നടത്തിയ പ്രൗഢമായ രാഷ്ട്ര നന്മ പുരസ്കാര ചടങ്ങിനെ അനുസ്മരിച്ച് കൊണ്ട് നന്ദി സൂചകമായി സ്നേഹം പങ്കിടുകയായിരുന്നു, അവാർഡ് ജേതാവ് കൂടിയായ കെ.സി.
ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിലും ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച നേതാവാണ് കെ.സി.
ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.
അഡ്വ. അബ്ദുൽ കരീം ചേലേരി
പ്രസിഡണ്ട്
IUML Kannur DC









