കണ്ണൂർ: ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും കണ്ട സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അദാനിയുമായുള്ള വിഴിഞ്ഞം കരാർ, ഓഹരി വിൽപ്പന, പോർട്ട് നേതൃസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരുടെ മാറ്റം തുടങ്ങിയവയിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. തനിക്കെതിരെ വിഡ്ഢിച്ചോദ്യങ്ങൾ ഉന്നയിച്ചും പതിവ് പല്ലവികൾ ആവർത്തിച്ചും മുഖ്യമന്ത്രി രംഗം വിടുകയാണെന്നും ചോദ്യങ്ങൾ ഇപ്പോഴും അദ്ദേഹത്തിന് മുന്നിലുണ്ടെന്നും കെ കെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സിപിഎം നേതാവ് എം എ ബേബിയുടെ പ്രസ്താവന വളച്ചൊടിച്ച് തന്റെ മൂകാംബിക യാത്രയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ മതപരമായ പരിവേഷം നൽകുകയാണെന്നും രാഗേഷ് കുറ്റപ്പെടുത്തി. കേരളം പോലൊരു സംസ്ഥാനത്ത് വിദ്വേഷ പ്രചാരണത്തിന് മുഖ്യമന്ത്രി തന്നെ ബോധപൂർവ്വം കരുക്കൾ ഒരുക്കുകയാണ്. ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ മറുചോദ്യങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ ‘ഭക്തന്റെ അവകാശം’ എന്ന ലളിതമായ ഉത്തരത്തിലേക്ക് മാറിയിരിക്കുകയാണെന്നും കെ കെ രാഗേഷ് ആരോപിച്ചു.








