കെ പി പി നമ്പ്യാർ അനുസ്മരണം നടത്തി.

കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന പത്മഭൂഷൺ ഡോ. കെ.പി.പി നമ്പ്യാരുടെ പതിനൊന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങ് കണ്ണൂർ കെൽട്രോൺ കാമ്പസിലെ സ്മൃതി മണ്ഡപത്തിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.സി.എൽ മാനേജിംഗ് ഡയറക്ടർ കെ.ജി. കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡോ. കെ.പി.പി നമ്പ്യാരുടെ ഇലക്ട്രോണിക്സ് മേഖലയിലെ സംഭാവനകളെയും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളെയും കടന്നപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.

ആന്തൂർ നഗരസഭ ചെയർപേഴ്സൺ സതീ ദേവി, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഓമന പങ്കൻ, മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഇ. കുഞ്ഞിരാമൻ, കെ.സി. സോമൻ നമ്പ്യാർ, കെ.പി.പി നമ്പ്യാരുടെ സഹോദരൻ കെ.പി. പ്രഭാകരൻ, കുടുംബാംഗങ്ങളായ കെ.പി.കെ നമ്പ്യാർ, കെ.പി. കുഞ്ഞികൃഷ്ണൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രകാശൻ എം, പ്രീത പി, വിരമിച്ച ജീവനക്കാരായ രവീന്ദ്ര നാഥ് ടി.വി, ഇസ്മയിൽ എം.പി, എൻ. ശശിധരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

കെൽട്രോൺ കണ്ണൂരിന്റെ മികച്ച പ്രവർത്തന പുരോഗതിയെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ കെ.ജി. കൃഷ്ണകുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി 2025-26 സാമ്പത്തിക വർഷത്തിൽ 115.14 കോടി രൂപയുടെ വിറ്റുവരവും 4.44 കോടി രൂപയുടെ ലാഭവും കൈവരിച്ചു. ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉത്പാദന കേന്ദ്രത്തിന്റെ ആദ്യഘട്ടം 2024 ഒക്ടോബറിൽ ഇവിടെ പൂർത്തീകരിച്ചിരുന്നു. തുടർന്ന് 2025 ഓഗസ്റ്റിൽ സൂപ്പർ കപ്പാസിറ്റർ, സൂപ്പർ കപ്പാസിറ്റർ ബാങ്ക്, പമ്പ് കൺട്രോൾ പാനൽ എന്നീ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട് കെൽട്രോൺ കണ്ണൂർ ആദ്യമായി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്നു.

2025-26 ലെ കേരള ബഡ്ജറ്റിൽ കമ്പനിയുടെ വികസനത്തിനായി 5.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പി.എൽ.ഐ ഇൻസെന്റീവ് സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ 32 കമ്പനികളിലൊന്നായ കെ.സി.സി.എല്ലിന് ആദ്യ വർഷത്തെ മികച്ച നിക്ഷേപത്തിന്റെയും വിൽപ്പനയുടെയും അടിസ്ഥാനത്തിൽ 77,84,485 രൂപ കേന്ദ്ര ഇൻസെന്റീവ് ആയി ലഭിച്ചു. ആക്ടീവ് കോംപണന്റ്, എസ്.എം.ഡി കോംപണന്റ് തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് 2030-ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കോംപണന്റ് ഉൽപാദകരാകുകയാണ് കമ്പനിയുടെ ലക്ഷ്യം.
ചടങ്ങിൽ കെ.സി.സി.എൽ ജനറൽ മാനേജർ പ്രകാശൻ എം സ്വാഗതവും ജനറൽ മാനേജർ അനിൽ ടി.എസ് നന്ദിയും പറഞ്ഞു. കെൽട്രോൺ ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Top News from last week.