കണ്ണൂര്‍: സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്.
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എം. എല്‍. എയും ഉണ്ടെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.30 നാണ്. പൊലീസിന് വിവരം ലഭിച്ചത് രാവിലെ 6 മണിക്കാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിങില്‍ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. പത്താം ബ്ലോക്കില്‍ നിന്നുമാണ് ചാടിയത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു.









