കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ, വിജയം 13 വോട്ടുകൾക്ക്, പ്രതിഷേധവുമായി സിപിഎം

 

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി ആണ് കല രാജു മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കല രാജു ഭരണം പിടിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.

മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാർട്ടി അംഗവും സിപിഎം കൗൺസിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്‌നത്തെ തുടർന്ന് പാർട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്. കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയർന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടർന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്യുകയായിരുന്നു. തുടർന്ന് എൽഡിഎഫിന് ഭരണ നഷ്ടം ഉണ്ടായി. നിലവിൽ യുഡിഎഫിൻറെ ഭാഗമായി മത്സരിച്ച് വിജയിച്ചിരിക്കുകയാണ് കല രാജു.

Top News from last week.