കണ്ണൂർ: കളരി പണിക്കർ ഗണക കണിശ സഭയുടെ (കെ.ജി.കെ.എസ്) ജില്ലാ സമ്മേളനം ആഗസ്റ്റ് രണ്ട് ഞായറാഴ്ച ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. രാവിലെ നടക്കുന്ന ചടങ്ങിൽ കണ്ണൂർ മേയർ അഡ്വ. ഇന്ദിര സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.പി പന്ന്യൻ രവീന്ദ്രനാണ് പരിപാടിയിലെ മുഖ്യാതിഥി. കെ.ജി.കെ.എസ് ജില്ലാ പ്രസിഡന്റ് രാജേഷ് കൊയ്യോട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി വിനയകൃഷ്ണൻ സ്വാഗതം ആശംസിക്കും.
സമ്മേളനത്തിൽ വെച്ച് ജില്ലാതല പഞ്ചാംഗ പ്രകാശനം സിനി ആർട്ടിസ്റ്റും ഫോക്ക് ലോർ അക്കാദമി ജേതാവുമായ സുരേഷ് പള്ളിപ്പാറ നിർവ്വഹിക്കും. ജ്യോതിഷഭൂഷൺ ആതിയടം ബാലകൃഷ്ണൻ ജ്യോത്സ്യർ പഞ്ചാംഗം ഏറ്റുവാങ്ങും. തുടർന്ന് കെ.ജി.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനുജ മാസ്റ്റർ മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി പി.വി. ബൈജു, സംഘാടക സമിതി ചെയർമാൻ ശ്രീനാഥ് മാമ്പ എന്നിവരുൾപ്പെടെ സഭയുടെ വിവിധ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
സമ്മേളനത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യും. കൂടാതെ, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ജ്യോത്സ്യന്മാർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് കൊയ്യോട് അറിയിച്ചു.









