കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിക്കണം ; ആവശ്യം സഭയിൽ ഉന്നയിച്ച് വി ശിവദാസൻ                                                                                                                          

സംസ്ഥാന സർക്കാരും കേരളത്തിലെ ജനപ്രതിനിധികളും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, കേരളത്തിലെ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ്-ഓഫ്-കോൾ പദവി നൽകാൻ കേന്ദ്രം തുടർച്ചയായി വിസമ്മതിക്കുന്നതിനെ സംബന്ധിച്ചു രാജ്യസഭയിൽ ഡോ. വി. ശിവദാസൻ എംപി ചോദ്യം ഉന്നയിച്ചു.

സർക്കാരിന്റെ സമീപനത്തിലെ പൊരുത്തക്കേട് ഡോ. ശിവദാസൻ ചൂണ്ടിക്കാട്ടി. പട്ന പോലുള്ള വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിൽ “വാണിജ്യപരമായ പ്രവർത്തനക്ഷമത” ഒരു പ്രധാന ഘടകമാണെന്ന് വ്യോമയാന വകുപ്പ് മന്ത്രി പരാമർശിച്ചപ്പോൾ, വർദ്ധിച്ചുവരുന്ന യാത്രക്കാരും അന്താരാഷ്ട്ര കണക്റ്റിവിറ്റിയ്ക്ക് സാധ്യതയുമുള്ള കണ്ണൂർ വിമാനത്താവളത്തിൽ അതേ തത്വം എന്തുകൊണ്ട് പ്രയോഗിക്കുന്നില്ലെന്ന് ചോദ്യോത്തരവേളയിൽ വി ശിവദാസൻ ചോദിച്ചു.

 

മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെ മാത്രമേ പോയിന്റ്-ഓഫ്-കോൾ പദവി അനുവദിക്കാൻ കഴിയൂ എന്ന് പറഞ്ഞു ഒഴിയുകയാണ് മന്ത്രി ചെയ്‌തത്‌. കേരളത്തിൽ ഇതിനകം തന്നെ പോയിന്റ്-ഓഫ്-കോൾ പദവിയുള്ള മൂന്ന് വിമാനത്താവളങ്ങളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്തിനുള്ളിലെ ഓരോ പ്രദേശത്തിനും അവരുടേതായ യാത്രാ ആവശ്യങ്ങൾ ഉണ്ടെന്നും, പ്രത്യേകിച്ച് കണ്ണൂർ വിമാനത്താവളം , ഗൾഫിലും മറ്റും ജോലി ചെയ്യുന്ന ഒരു വലിയ പ്രവാസി സമൂഹത്തിന്റെ ആശ്രയമാണെന്നും വി ശിവദാസൻ പറഞ്ഞു.

 

കൂടാതെ, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ “സ്വാതന്ത്ര്യം” ഉണ്ടെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും , പോയിന്റ്-ഓഫ്-കോൾ സ്റ്റാറ്റസ് ഇല്ലാതെ വിദേശ വിമാനക്കമ്പനികൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ല എന്ന വസ്തുത അദ്ദേഹം സൗകര്യപൂർവം അവഗണിക്കുകയാണ് എന്ന് വി ശിവദാസൻ ചൂണ്ടിക്കാട്ടി.

 

കേരളത്തിലെയും പ്രത്യേകിക്ക് വടക്കൻ മലബാറിലെയും ജനങ്ങൾക്ക് ഏറ്റവും സഹായകരമാവുന്ന തീരുമാനം കൈക്കൊള്ളാൻ, സാങ്കേതികതകൾ പറഞ്ഞു ഒഴിഞ്ഞു മാറുന്നത് നിർത്തണമെന്നും ഫെഡറലിസത്തിന്റെ സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.

Top News from last week.

Latest News

More from this section