കണ്ണൂർ : ജില്ലയിൽ പകർച്ചപ്പനി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ‘ഈവനിംഗ് ഫീവർ ക്ലിനിക്’ ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത് നിർവഹിച്ചു. ചടങ്ങിൽ ഡോ. അനൂപ് നമ്പ്യാർ, ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. അഖിൽ പുത്തലത്ത് എന്നിവർ പങ്കെടുത്തു.
കാലവർഷത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയവ പടരുന്ന പശ്ചാത്തലത്തിലാണ് എമർജൻസി വിഭാഗത്തിന് കീഴിൽ പുതിയ ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. സാധാരണ പനിയുമായി എത്തുന്നവർക്ക് ദീർഘനേരം കാത്തുനിൽക്കാതെ ഒപി അടിസ്ഥാനത്തിൽ വേഗത്തിൽ പരിശോധനയും മരുന്നും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനും തീവ്രപരിചരണം ആവശ്യമുള്ളവർക്ക് കൂടുതൽ ശ്രദ്ധ നൽകാനും സാധിക്കും. പനി പടരുന്നതിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ ചികിത്സാ ക്രമീകരണങ്ങളും ആശുപത്രിയിൽ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.









