കണ്ണൂർ : നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടുത്ത ഗതാഗതക്കുരുക്ക് തുടരുന്നു. മേലെ ചൊവ്വ മുതൽ കാൽടെക്സ് വരെയുള്ള ഭാഗത്ത് രൂപപ്പെടുന്ന കുരുക്ക് പുതിയതെരു വരെയും, ചില ദിവസങ്ങളിൽ വളപട്ടണം പാലവും കടന്ന് ചുങ്കം വരെയും നീളുകയാണ്. രാവിലെ മുതൽ ഉച്ച വരെ അനുഭവപ്പെടുന്ന കടുത്ത തിരക്ക് ഉച്ചയോടെ ചെറിയ തോതിൽ കുറയുമെങ്കിലും വൈകുന്നേരമാകുന്നതോടെ നഗരം വീണ്ടും കുരുക്കിലാകും.സ്കൂൾ അധ്യയനവർഷം ആരംഭിച്ചതും കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങിയതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കുരുക്ക് ഇത്രയധികം വർദ്ധിക്കാൻ കാരണമായത്. ഇത് സ്കൂൾ കുട്ടികളെയും ഓഫീസുകളിൽ പോകുന്നവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജോലിസ്ഥലങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും നേരത്തെ ഇറങ്ങുന്നവർ രാത്രി വൈകിയാണ് നിലവിൽ വീടുകളിൽ എത്തിച്ചേരുന്നത്.
റോഡുകളിൽ നടക്കുന്ന നിർമ്മാണ പണികളും റോഡിനോട് ചേർന്ന് നടത്തുന്ന അനധികൃത പാർക്കിംഗുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ പ്രധാന കാരണം. ഇതിനുപുറമേ കാൽടെക്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ഇടയ്ക്കിടെ പണിമുടക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡിലെ കടുത്ത തിരക്ക് ട്രെയിൻ യാത്രക്കാരെയും വലയ്ക്കുന്നു. ചുങ്കത്ത് നിന്ന് ദേശീയപാതയിലേക്ക് കടക്കാനാകാതെ ചുങ്കം-കോട്ടൺസ് റോഡിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞദിവസം വളപട്ടണം പാലത്തിൽ അനുഭവപ്പെട്ട കടുത്ത കുരുക്കിനെത്തുടർന്ന് തളിപ്പറമ്പ്, പയ്യന്നൂർ, പഴയങ്ങാടി റൂട്ടിലോടുന്ന നിരവധി സ്വകാര്യ ബസ്സുകൾ പാതിവഴിയിൽ ട്രിപ്പ് ഉപേക്ഷിച്ചിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് വഴിയിൽ ഇറങ്ങേണ്ടി വന്നതും പെരുവഴിയിലായതും. നഗരം ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടും മോട്ടോർ വാഹന വകുപ്പോ പോലീസോ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. ചില ദിവസങ്ങളിൽ പോലീസ് എത്തിയാൽ പോലും കുരുക്കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ട്രാഫിക് നിയന്ത്രണത്തിന് ശാശ്വതമായ സംവിധാനങ്ങൾ ഒരുക്കണമെന്നും, ദുരിതയാത്രയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.









