കണ്ണൂര്‍: ജില്ലയിലെ പൊതുജനാരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി ആഗസ്റ്റ് 11 തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിക്കും. അഞ്ച് നില കെട്ടിടത്തില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒപികളുണ്ട്. മൂന്ന് ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡ്, മെഡിക്കല്‍ ഐ.സി.യുകള്‍, സര്‍ജിക്കല്‍ ഐ.സി.യുകള്‍, ഡയാലിസിസ് യൂണിറ്റ്, വിവിധ നിലകളിലായി 23 എക്സിക്യൂട്ടീവ് പേ വാര്‍ഡുകളും പ്രവര്‍ത്തന സജ്ജമാണ്.
സര്‍ക്കാരിന്റെ പൊതുജനാരോഗ്യമേഖലയിലെ ഇടപെടലുകളുടെ ഭാഗമായി ‘ആര്‍ദ്രം’ മിഷനില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഉള്‍പ്പെടുത്തിയത്. 61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സിവില്‍ ജോലികള്‍ 39.8 കോടിക്കും ഇലക്ട്രിക്കല്‍ ജോലികള്‍ 21.9 കോടി രൂപയ്ക്കുമാണ് പൂര്‍ത്തീകരിച്ചത്. ബിഎസ്എന്‍എല്‍ ആണ് സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍. പി ആന്‍ഡ് സി പ്രൊജക്ട്സ് ആണ് നിര്‍മ്മാണം നടത്തിയത്. ശുദ്ധജല ശേഖരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആന്തരിക റോഡുകള്‍, കോമ്പൗണ്ട് വാള്‍ എന്നിവയും നിര്‍മിച്ചു. രണ്ട് ലിഫ്റ്റുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
അഞ്ച് നിലകള്‍ക്കും 1254 ച.മീ വീതം വിസ്തീര്‍ണമുണ്ട്. ഏറ്റവും താഴത്തെ നിലയില്‍, സ്വീകരണ സ്ഥലം, വാഹന പാര്‍ക്കിംഗ്, 110 കെ. വി സബ്സ്റ്റേഷന്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയില്‍ 150 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒന്‍പത് ഒ.പി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, യു.പി.എസ് റൂം, ഫാര്‍മസി, ടോയ്ലറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
രണ്ടാം നിലയില്‍ മൂന്ന് മോഡുലാര്‍ ഓപറേഷന്‍ തിയറ്ററുകള്‍. ഇതില്‍ ഒ.ടി. സ്റ്റോര്‍, നഴ്സിംഗ് സ്റ്റേഷന്‍, ഡോക്ടറുടെ മുറി, പ്രീ-അനസ്തേഷ്യ റൂം എന്നിവയുണ്ടാവും. മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യുകള്‍, കാത്തിരിപ്പ് സ്ഥലം, നഴ്സ് റൂം, അനസ്തേഷ്യ കണ്‍സള്‍ട്ടേഷന്‍ റൂം, ടോയ്ലറ്റുകള്‍ എന്നിവയുമുണ്ടാവും.
മൂന്നാം നിലയില്‍ 30 കിടക്കകള്‍ വീതമുള്ള ജനറല്‍ വാര്‍ഡ്, 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് എന്നിവയും കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാര്‍ഡുകള്‍, പെരിറ്റോണിയല്‍ ഡയാലിസിസ് റൂം, സ്റ്റോര്‍ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. നാലാം നിലയില്‍ 30 കിടക്കകളുള്ള ജനറല്‍ വാര്‍ഡ്, നഴ്സിംഗ് സ്റ്റേഷന്‍, ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സൈറ്റ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലിനജല സംസ്‌കരണ പ്ലാന്റ്, എസ്.ടി.പി.യുമായി ബന്ധിപ്പിച്ച പുതിയ ഡ്രെയിനേജ് സിസ്റ്റം, മാന്‍ഹോളുകള്‍, പൈപ്പ്ലൈന്‍ ശൃംഖല, 1,30,000 ലിറ്ററിന്റെ ഓവര്‍ഹെഡ് ടാങ്ക്. അഗ്നിശമനം, ഗാര്‍ഹികം, മഴവെള്ള സംഭരണം എന്നിവയ്ക്കായി ഒന്‍പത് ലക്ഷം ലിറ്ററിന്റെ ഭൂഗര്‍ഭ സംപ്, ജീവനക്കാര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, ഇന്റര്‍ലോക്ക് പാകിയ റോഡുകളും സ്ട്രെച്ചര്‍ പാതകളും, ആര്‍സിസി ഡ്രെയിനുകള്‍, എസ്.എസ് ബ്ലോക്കിനുള്ള കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് പൈപ്പിംഗ് സിസ്റ്റം (എം.ജി.പി.എസ്.) എന്നിവയും പൂര്‍ത്തീകരിച്ചു.
നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, ട്രോമ കെയര്‍, അഡ്മിന്‍ ബ്ലോക്ക്, അമ്മയും കുഞ്ഞും പരിചരണ ബ്ലോക്ക് എന്നിവയ്ക്കുള്ള സബ് പാനലുകലും പ്രവര്‍ത്തന സജ്ജമാണ്. പ്രതിദിനം മൂവായിരത്തിലേറെ രോഗികളാണ് ജില്ലാ ആശുപത്രിയിലെ 16 ഒ പികളിലായി എത്തുന്നത്.
വിവിധ സ്പെഷ്യാലിറ്റി സേവനങ്ങള്‍ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, ഗൈനക്, ഡെന്റല്‍, സൈക്യാട്രി, നെഫ്രോളജി, കാര്‍ഡിയോളജി, ചെസ്റ്റ്, ഇഎന്‍ടി, സ്‌കിന്‍, പീഡിയാട്രിക്, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ ഒപികള്‍ക്കു പുറമേ കൗമാര ക്ലിനിക്, ജീവിതശൈലീ രോഗക്ലിനിക്, ട്രോമാകെയര്‍, ബ്ലഡ് ബാങ്ക് എന്നിവയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
ഹൃദയപൂര്‍വം കാര്‍ഡിയോളജി
ലക്ഷങ്ങള്‍ ചെലവുവരുന്ന ഹൃദ്രോഗ ചികിത്സ അര്‍ഹര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ലഭ്യമാക്കാന്‍ കഴിയുന്നുവെന്നതാണ് ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച കാത്ത് ലാബിന്റെ നേട്ടം. സി ആം മെഷീന്‍, ഡൈ ഇന്‍ജക്ടര്‍ വെന്റിലേറ്റര്‍, നാല് കിടക്കകളുള്ള പ്രീ കാത്ത് വാര്‍ഡ്, 10 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐ സി യൂ എന്നിവയ്ക്ക്പുറമേ പ്രത്യേക കണ്‍സോളും പ്രവര്‍ത്തിച്ചുവരുന്നു. 1524 ആന്‍ജിയോഗ്രാം, 619 ആന്‍ജിയോപ്ലാസ്റ്റി, 45 പി ഒ ബി എ, 11 പേസ്‌മേക്കര്‍ എന്നിവയാണ് 2022 ജൂലൈ മുതല്‍ 2025 ജൂലൈ വരെ കാത്ത് ലാബില്‍ ലഭ്യമാക്കിയ സേവനങ്ങള്‍.
പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റില്‍ കുട്ടികള്‍ക്കായി ഓക്സിജന്‍ സപ്പോര്‍ട്ട് വാര്‍ഡ്, നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി ഡി.എന്‍.ബി കോഴ്സ് 2022 ല്‍ ആരംഭിച്ചു. ഇ.എന്‍.ടി ഡിപ്പാര്‍ട്ട്മെന്റിനോടനുബന്ധിച്ചുള്ള ഓഡിയോളജി ലാബില്‍ പ്യൂവര്‍ ടോണ്‍ ഓഡിയോമെട്രി, ടിമ്പാനോമെട്രി എന്നീ ടെസ്റ്റുകളും കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റുകളും നവജാതശിശുക്കളുടെ കേള്‍വിപരിശോധനയും നടത്തി വരുന്നു. സ്പീച്ച് തെറാപ്പി സേവനങ്ങളും ലഭ്യമാണ്. ജില്ലാ പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ കീമോ തെറാപ്പി ഡേ കെയര്‍ യൂണിറ്റും കീമോ തെറാപ്പി ചികിത്സ പൂര്‍ത്തിയാക്കിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും നല്‍കുന്നു.
ഡെന്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി ഡെന്റല്‍ എക്സ്റേ സേവനം ആരംഭിച്ചു. മന്ദഹാസം പദ്ധതിയുടെ ഭാഗമായി നൂറ് പേര്‍ക്ക് കൃത്രിമ പല്ല് നിര്‍മ്മിച്ചു നല്‍കി. ഹീമോഫീലിയ രോഗികള്‍ക്ക് ആശാധാര പദ്ധതി വഴി സൗജന്യമായി ചികിത്സ നല്‍കിവരുന്നു. പേവിഷ ബാധ ചികിത്സയും പാമ്പ് കടിയേറ്റവര്‍ക്കുള്ള ചികിത്സയും ആശുപത്രിയിലുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കീഴില്‍ സ്ട്രോക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഉടനീളം സഞ്ചരിച്ച് തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തുന്ന മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 339 മേജര്‍ ജനറല്‍ സര്‍ജറി, 337 ഗൈനക് സര്‍ജറി, 999 ഓര്‍ത്തോ സര്‍ജറി, 35 ഇ എന്‍ ടി, 919 നേത്ര സര്‍ജറികളും 2025 ജനുവരി മുതല്‍ ജൂലൈ വരെ ജില്ലാ ആശുപത്രിയില്‍ നടത്തിയിട്ടുണ്ട്.









