കണ്ണൂർ ജില്ലാ ആശുപത്രി പൈപ്പ് ലൈൻ നിർമാണം: ജില്ലാ പഞ്ചായത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്ന് കോർപ്പറേഷൻ

കണ്ണൂർ : ജില്ലാ ആശുപത്രിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോർപ്പറേഷൻ അധികൃതർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ എല്ലാ സഹായവും നൽകാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, മുൻ എൽഡിഎഫ് ഭരണസമിതി മതിയായ സംവിധാനങ്ങളോ ഫയർ എൻഒസിയോ പാർക്കിങ് സൗകര്യമോ ഒരുക്കാതെ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെട്ടിടം തിരക്കിട്ട് ഉദ്ഘാടനം ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കോർപറേഷൻ അറിയിച്ചു. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് ജില്ലാ പഞ്ചായത്ത് ഇപ്പോൾ കോർപ്പറേഷനെതിരെ തിരിയുന്നത്.

നിലവിൽ പയ്യാമ്പലം, പള്ളിയാംമൂല തുടങ്ങിയ തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കോർപ്പറേഷൻ നൽകിയ ഭൂമിയിലെ ടാങ്കിൽ നിന്നാണ് ആശുപത്രിയിലേക്ക് പൈപ്പ് കണക്ഷൻ എടുക്കാൻ ശ്രമിക്കുന്നത് എന്നും ഇതിനകം തന്നെ വെള്ളം കുറവുള്ള ഈ പ്രദേശങ്ങളിൽ പുതിയ കണക്ഷൻ വരുന്നതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകും എന്നും കൂട്ടിച്ചേർത്തു.കൂടാതെ, കണ്ടോൺമെന്റ് ബോർഡിന്റെ അനുമതിയില്ലാതെ കോർപ്പറേഷന്റെ മെക്കാഡം റോഡുകൾ വെട്ടിപ്പൊളിക്കാനാണ് നീക്കം. ഇത് ഗതാഗത തടസ്സത്തിനും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിനും കാരണമാകും. മുൻപ് വാട്ടർ അതോറിറ്റി കട്ട് ചെയ്ത റോഡുകൾ ഒന്നര വർഷമായിട്ടും നന്നാക്കാത്തതിന്റെ പേരിൽ കോർപ്പറേഷൻ പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ശാസ്ത്രീയമായ പരിഹാരം കാണാതെ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം അവസാനിപ്പിക്കണമെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വികസന പ്രവർത്തനങ്ങൾക്ക് കോർപ്പറേഷന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ, അഡ്വ. സോന ജയറാം എന്നിവർ പങ്കെടുത്തു.

Top News from last week.