ട്രോളിംഗ് സമയത്ത് വിഷരഹിത അക്വാകൾച്ചർ മത്സ്യങ്ങളുമായി കണ്ണൂരിലെ മത്സ്യകർഷകർ

കണ്ണൂരിന്റെ ‘മൺസൂൺ മത്സ്യ സമൃദ്ധി 2026’

ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ വിപണിയിലെ മത്സ്യക്ഷാമം പരിഹരിക്കാൻ ഒരുക്കങ്ങളുമായി ഫിഷറീസ് വകുപ്പും മത്സ്യകർഷകരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ ഉൾനാടൻ മത്സ്യകർഷകർക്കായി ജൂൺ – ജൂലൈ മാസങ്ങളിൽ ‘മൺസൂൺ വിളവെടുപ്പ് പരിപാടിയാണ് ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്നത്.

കനത്ത കാലവർഷം, വെള്ളപ്പൊക്കവും അതുവഴിയുള്ള കൃഷിനാശവും എന്നിവ മുൻകൂട്ടി ഒഴിവാക്കാനും, ട്രോളിംഗ് നിരോധന സമയത്ത് ജനങ്ങൾക്ക് ഗുണമേന്മയുള്ള സുരക്ഷിത മത്സ്യം ലഭ്യമാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വിപണി മൂല്യമുള്ള വലുപ്പമെത്തിയ മത്സ്യങ്ങളെയും ചെമ്മീനുകളെയും പൂർണ്ണമായി വിളവെടുക്കാനും, പൂർണ്ണ വളർച്ചയെത്താത്ത കുളങ്ങളിൽ നിന്ന് വലിയ മത്സ്യങ്ങളെ മാത്രം മുൻകൂട്ടി പിടിച്ച് മാറ്റി കുളത്തിലെ സാന്ദ്രത കുറയ്ക്കാനും കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കടൽമത്സ്യങ്ങളുടെ ലഭ്യത കുറയുന്ന ഘട്ടത്തിൽ അക്വാകൾച്ചർ വഴി ഉൽപ്പാദിപ്പിക്കുന്ന മത്സ്യങ്ങൾ ജനങ്ങൾക്ക് വലിയ അനുഗ്രഹമാണ്. കൃത്രിമ രാസവസ്തുക്കളോ ഫോർമാലിൻ പോലുള്ള പ്രിസർവേറ്റീവുകളോ ചേർക്കാതെ, കർഷകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വളർത്തുന്നതിനാൽ ഇവ പൂർണ്ണമായും സുരക്ഷിതമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് അക്വാകൾച്ചർ മത്സ്യങ്ങൾ. ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുന്നതിനാൽ ഇവയുടെ ഗുണനിലവാരം കൂടുതലായിരിക്കും.

വിദൂര ജില്ലകൾ /സംസ്ഥാനങ്ങളിൽ നിന്നും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ചു കൊണ്ടുവരുന്ന മീനുകളെ അപേക്ഷിച്ച്, കുളങ്ങളിൽ നിന്ന് നേരിട്ട് വിളവെടുത്ത് മണിക്കൂറുകൾക്കകം വിപണിയിൽ എത്തിക്കുന്നതിനാൽ പരമാവധി ഫ്രഷ്നസ്സോടെ ഇവ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിലൂടെ നാടിന്റെ സമ്പദ്‌വ്യവസ്ഥ ഇത് മൂലം ശക്തിപ്പെടുന്നു.

 

Top News from last week.