
സത്യൻ എടക്കാട്
വിവിധതരത്തിലുള്ള നിരവധി ടൂറിസം ആകർഷണങ്ങളുള്ള സ്ഥലമാണ് കണ്ണൂർ. തെക്കേ ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കൊച്ചിക്കും ഗോവയ്ക്കും ഇടയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ കണ്ണൂരിൽ ഉണ്ട്. “തറികളുടെയും തിറകളുടെയും നാട്” എന്നറിയപ്പെടുന്ന കണ്ണൂരിലെ ഏറ്റവും വലിയ ആകർഷണം തെയ്യങ്ങളാണ്. ആറുമാസത്തോളം നീണ്ടുനിൽക്കുന്ന തെയ്യം സീസണിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കാവുകളിൽ കെട്ടിയാടുന്ന 400 ൽപരം വ്യത്യസ്ത തെയ്യങ്ങൾ ലോകത്ത് മറ്റെവിടെയും കാണാൻ പറ്റാത്ത കാഴ്ചയാണ്. സഞ്ചാരികളെ കൊതിപ്പിക്കുന്ന വൃത്തിയുള്ള കടലോരങ്ങളും ആകർഷകമായ മലനിരകളും കാടുകളും വന്യജീവികളും മനോഹരമായ തുരുത്തുകളും ശാന്തമായി ഒഴുകി കടലിൽ ചേരുന്ന വലുതും ചെറുതുമായ പുഴകളും തോടുകളും ചരിത്ര സ്മാരകങ്ങളും ലോകത്തിലെ ഏറ്റവും പഴയ ആയോധനകലയായ കളരിപ്പയറ്റും കരകൗശല വസ്തുക്കളും വിവിധങ്ങളായ കലാരൂപങ്ങളും എല്ലാം ഒത്തുചേർന്ന പ്രദേശമാണ് കണ്ണൂർ.
കണ്ണൂരിന്റെ ചരിത്ര പ്രാധാന്യവും സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും നേരിട്ട് കണ്ടറിയുന്നതിനും പഠിക്കുന്നതിനുമായി വിദേശികളടക്കം നിരവധി സഞ്ചാരികളാണ് ഓരോ വർഷവും കണ്ണൂരിൽ എത്തുന്നത്. പണ്ടുകാലത്ത് വിദേശികൾ അടക്കമുള്ള ആളുകൾ കണ്ണൂരിലെത്തിയിരുന്നത് സുഗന്ധവ്യഞ്ജനങ്ങൾ തേടിയായിരുന്നു. ക്രിസ്തുവർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ ഗ്രീക്കുകാരും റോമാക്കാരും ചൈനക്കാരും അറബികളും മറ്റും സുഗന്ധവ്യഞ്ജനങ്ങൾ തേടി കണ്ണൂരിൽ എത്തിയിരുന്നു. 0 കച്ചവട സംഘങ്ങളോടൊപ്പം തന്നെ ധാരാളം വിദേശ സഞ്ചാരികളും കണ്ണൂർ അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവരിൽ പ്ലിനി,ടോളമി,അറബ് സഞ്ചാരിയായ കുർദാബെ സുലൈമാൻ,ഹുയന്‍സാണ്ട്, വെനീസിൽ നിന്ന് മാർക്കോപോളോ, റോമിൽ നിന്ന് ഫ്രെയർ ജോർഡാനസ്, മൊറോക്കോയിൽ നിന്ന് ഇബ്നു ബത്തൂത്ത, പോർച്ചുഗലിൽ നിന്ന് പെറോ ഡി കോവിൽ ഹോ യും പിന്നീട് വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് സംഘം, ഡച്ചുകാർ,ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ,കർണാടകയിലെ ബഥനൂരിൽ നിന്നുള്ള ഇക്കേരി നായ്ക്കന്മാർ,മൈസൂർ രാജാക്കന്മാരായ ഹൈദരലിയും ടിപ്പു സുൽത്താനും ഉൾപ്പെടെയുള്ളവർ വരികയും കച്ചവടം നടത്തുകയും മേധാവിത്വം സ്ഥാപിക്കുകയും ചെയ്ത സ്ഥലമായിരുന്നു കണ്ണൂർ. പണ്ടുകാലത്ത് കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകും ഗ്രാമ്പു, ഏലം, ചുക്ക് മുതലായ സുഗന്ധവ്യഞ്ജനങ്ങൾ വിളഞ്ഞിരുന്ന, കൃഷി ചെയ്തിരുന്ന, കച്ചവടം നടന്നിരുന്ന സ്ഥലം ലോകത്തിൽ തന്നെ മലബാർ മാത്രമായിരുന്നു.
കേരളത്തിലെ ഏറ്റവും പഴയ രാജവംശമായ മൂഷകവംശവും പിന്നീട് കോലത്തിരിയും ചിറക്കലും കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ അറിയിക്കലും ബ്രിട്ടീഷുകാരുമായി പോരാടി മരിച്ച പഴശ്ശിരാജ ഉൾപ്പെടെയുള്ള കോട്ടയം രാജാക്കന്മാരും കണ്ണൂരിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്നു. അതിന്റെയൊക്കെ ബാക്കിപത്രമായി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാജകുടുംബങ്ങളുമായും വിദേശ വ്യാപാരവുമായും ബന്ധപ്പെട്ട ധാരാളം ചരിത്ര സ്മാരകങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാണാൻ കഴിയും. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകൾ, രാജകൊട്ടാരങ്ങൾ,ക്ഷേത്രങ്ങൾ, പള്ളികൾ, കാവുകൾ,മലകൾ,കാടുകൾ, പുഴകൾ,കായലുകൾ,വെള്ളച്ചാട്ടങ്ങൾ, തോടുകൾ,പുൽമേടുകൾ,വന്യമൃഗങ്ങൾ, പക്ഷികൾ,ഇഴജന്തുക്കൾ,പൂമ്പാറ്റകൾ, മത്സ്യങ്ങൾ,മനോഹരമായ ബീച്ചുകൾ, ബീഡി,കൈത്തറി,കാർഷിക ഉൽപാദന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്നേയ്ക്ക് പാർക്ക്,ബേർഡ് പാർക്ക് തുടങ്ങി ആഭ്യന്തര വിദേശ ടൂറിസ്റ്റ് കാണാനും പഠിക്കാനും ആസ്വദിക്കാനുമായി വ്യത്യസ്ത തരത്തിലുള്ള ഒരുപാട് സ്ഥലങ്ങളും ആകർഷണങ്ങളും കണ്ണൂരിൽ ഉണ്ട്.









