കണ്ണൂർ: കണ്ണൂർ മിറർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ അമരഗായകൻ മുഹമ്മദ് റഫി അനുസ്മരണവും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. ചടങ്ങിൽ കണ്ണൂർ എം.എൽ.എ അഡ്വ. ടി. ഒ. മോഹനന് സർഗവേദിയുടെ ഉപഹാരം നൽകി ആദരിച്ചു.
താൻ കണ്ണൂരിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് പലരും പറയാറുണ്ടെങ്കിലും, അതിനൊക്കെ യഥാർത്ഥ പ്രചോദനം ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളാണെന്ന് സ്വീകരണത്തിന് മറുപടിയായി അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ പറഞ്ഞു. പുതിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ തന്നെ സമീപിക്കുന്ന ജനങ്ങൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പരിശോധിക്കുകയും, അവ നാടിന് ഗുണകരമാണെന്ന് ബോധ്യം വന്നാൽ അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയുമാണ് താൻ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഉദ്ഘാടനം ഡൽഹി സാംസ്കാരിക വേദി പ്രസിഡണ്ട് കെ. എൻ. ജയരാജ് നിർവ്വഹിച്ചു. സർഗവേദി രക്ഷാധികാരി എം. ടി. പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജമാൽ സിറ്റി സ്വാഗതം ആശംസിച്ചു.കണ്ണൂർ മിറർ ചീഫ് എഡിറ്റർ ഒ. സി. മോഹൻരാജ് ചടങ്ങിൽ സംസാരിച്ചു.ഡോ. സുരേഷ് നമ്പ്യാർ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ പ്രമുഖ ഗസൽ ഗായകൻ കണ്ണൂർ ഷാഫി, നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടന്ന മുഹമ്മദ് റഫി അനുസ്മരണ പ്രഭാഷണം ഡോ. ടി. ശശിധരൻ നിർവ്വഹിച്ചു. സുരേഷ് ബാബു എളയാവൂർ, ടി. കെ. രമേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിനു ശേഷം ഗാനസന്ധ്യയും അരങ്ങേറി.









