കണ്ണൂര്‍: പ്രമുഖ രാഷ്ട്രീയ നേതാവും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എക്ക് ഇന്ന് 79ാം പിറന്നാള്‍. 1944 ജൂലൈ ഒന്നിനാണ് ജനിച്ചത്. നേതാവിന്റെ ജന്മദിനത്തില്‍ ദീര്‍ഘായുസു നേര്‍ന്നുകൊണ്ടുള്ള മെസേജുകളാണ് നവമാധ്യമങ്ങളില്‍ പരന്നത്.
ഒന്നാം പിണറായി മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു, മ്യൂസിയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. മുമ്പ് 2009 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായിട്ടുണ്ട്.
പയ്യന്നൂര്‍ കടന്നപ്പള്ളി ചെറുവാച്ചേരിയില്‍ പരേതനായ പി.വി.കൃഷ്ണന്‍ ഗുരുക്കളുടെയും പി.കെ. പാര്‍വതി അമ്മയുടെയും മൂത്ത മകനാണ്. 1960ല്‍ കെ.എസ്.യുവിന്റെ കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രന്‍ 65ല്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 69ല്‍ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 26ാമത്തെ വയസില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ടായിരിക്കെ 1971ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇ.കെ.നായനാരെ തറപറ്റിച്ച പ്രകടനത്തോടെയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയത്. കാസര്‍കോട്ടെ വിജയം കടന്നപ്പള്ളി 77ലും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980ല്‍ ഘടകകക്ഷിയായി എല്‍.ഡി.എഫിലെത്തി. 80ല്‍ ഇരിക്കൂറില്‍നിന്ന് നിയമസഭാംഗമായി. പേരാവൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് തോറ്റു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2009 ആഗസ്ത് 17ന് വി.എസ് മന്ത്രിസഭയുടെ പുനസംഘടന വേളയില്‍ കടന്നപ്പള്ളി ദേവസ്വംമന്ത്രി, സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റു. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പിലും കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചു. 2016 മെയ് 25ന് പിണറായി മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ രണ്ടര വര്‍ഷം ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിനും തുടര്‍ന്നുള്ള രണ്ടര വര്‍ഷം രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുമാണ് മന്ത്രിസ്ഥാനം നീക്കിവെച്ചത്. റിട്ട. അധ്യാപിക ടി.എം. സരസ്വതിയാണ് ഭാര്യ. ഏകമകന്‍ മിഥുന്‍ സംഗീത സംഘത്തിലെ ഡ്രമ്മറാണ്. ആഘോഷമൊരുക്കാന്‍ സഹപ്രവര്‍ത്തകര്‍ ഒരുങ്ങിയെങ്കിലും കടന്നപ്പള്ളി വഴങ്ങിയില്ല.