Friday, October 9, 2026
Art & Literature

ഇളം മഞ്ഞിൻ്റെ കുളിരുമായെത്തുന്ന ഗാനങ്ങൾ, കർണ്ണാടക സംഗീതത്തിലധിഷ്ഠിതമായ രാഗങ്ങളുടെ,വശീകരണ ശക്തിയും,ആകർഷണീയതയും ഉള്ള ഗാനങ്ങൾ സൃഷ്ടിച്ച സംഗീത സംവിധായകനായിരുന്നു കണ്ണൂർ രാജൻ.

Advertisement
Advertisement

 

Advertisement

ശശികുമാർ കല്ലിടുംബിൽ

9447282483

ഇളം മഞ്ഞിൻ്റെ കുളിരുമായെത്തുന്ന ഗാനങ്ങൾ കർണ്ണാടക സംഗീതത്തിലധിഷ്ഠിതമായ രാഗങ്ങളുടെ,വശീകരണ ശക്തിയും,ആകർഷണീയതയും ഉള്ള ഗാനങ്ങൾ സൃഷ്ടിച്ച സംഗീത സംവിധായകനായിരുന്നു കണ്ണൂർ രാജൻ.രണ്ടു പതിറ്റാണ്ട് കാലത്തെ ഗാനോപാസനക്കിടയിൽ 48 ഓളം ചിത്രങ്ങൾക്കാണ് കണ്ണൂർ രാജൻ സംഗിതമണിയിച്ചത്.വികാരസാന്ദ്രമായ ഈണങ്ങൾ സമ്മാനിച്ച അദ്ദേഹത്തിൻ്റെ പാട്ടുകൾ പുതു ഗായകരുടെ ചുണ്ടിൽ ഉണ്ടെങ്കിലും അതിന്റെ പിന്നിലെ ശക്തിയെ പലർക്കും അറിയില്ല.

കണ്ണൂർ രാജൻ്റെ പാട്ടുകൾ സോഫ്ട് മെലഡികളാണ്.ഗസലുകളോടാണ് അതിനു സാമ്യം.ചില പ്രയോഗങ്ങളോടും രാഗങ്ങളോടുമുള്ള പ്രിയം ഗാനങ്ങളിൽ ദർശിക്കാൻ കഴിയും. ബഹളങ്ങളില്ലാതെ വളരെ കുറച്ചു സംഗിതോപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം സിനിമയ്ക് പശ്ചാത്തലമൊരുക്കിയത്.ജീവിതം തന്നെ ആത്മാർഥമായ സംഗിത തപസ്യയാക്കി മാറ്റിയ അദ്ദേഹം എല്ലാ ഗാനങ്ങളും ലളിതമായ രീതിയിലാണ് കംബോസ് ചെയ്തത്. ലാളിത്യമായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര.സംഗീതലോകത്ത് തൊട്ടതെല്ലാം ഇമ്പമാർന്ന പാട്ടുകളാക്കി അകാലത്തിൽ പൊലിഞ്ഞു പോയ സംഗിത പ്രതിഭ.ഇന്നും ആസ്വാദകരുടെ മനസ്സിൽ വിഷാദസ്മൃതിയുണർത്തുന്നു.

കണ്ണൂരിലെ കക്കാട് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രാജനു പ്രാഥമിക വിദ്യാഭ്യാസമേ ലഭിച്ചുള്ളു.പരിമിതമായ സാഹചര്യങ്ങളിലാണ് അദ്ദേഹത്തിൻ്റെ ബാല്യകാലം.ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് അതിരു കവിഞ്ഞ കമ്പം ഉണ്ടായിരുന്നു.നാട്ടുകാരനായ കെ.സുകുമാരൻ്റെ(മണിമുകിൽ ഫെയിം)സഹായത്തോടെയാണ് സംഗിതം പഠിച്ചത്. കണ്ണൂരിലെ നാടകവേദിയായ ബ്രദേഴ്സ് ആർട്സ് ക്ലബിലൂടെയായിരുന്നു ആദ്യ പരീക്ഷണം.അപസ്വരങ്ങൾ, തീപിടിച്ച ആത്മാവ് എന്നീ നാടകങ്ങൾക്ക് വേണ്ടി സംഗിതം പകർന്നു കെ.സുകുമാരൻ ആലപിച്ച’ആത്മസഖീ’പാലയാട് യശോദ’ആലപിച്ച ദേവാലയ നടയിൽ എന്നിവ അദ്ദേഹത്തെ പ്രാദേശിക തലത്തിൽ ഉയർത്തി.തുടർന്നു സംഗമിത്ര,സുര്യസോമ,വയലാർ നാടക വേദി എന്നീ ട്രൂപ്പുകൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുകയുണ്ടായി.കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ സിംഗറായി ജോലി ലഭിച്ചപ്പോൾ അത്.ജീവിതത്തിലേക്കുള്ള വഴിത്തിരിവായി.അവിടെ കെ.രാഘവൻ മാസ്റ്റർ അദ്ദേഹത്തിനു മാർഗ്ഗദർശിയുമായി.

സിനിമയിലേക്കുള്ള ആദ്യ ചുവട് വെപ്പ് മധുവിധു എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗിതം പകർന്നിട്ടായിരുന്നു..പക്ഷെ ചിത്രം പൂർത്തിയായില്ല.അരവിന്ദൻ്റെ ഉത്തരായനത്തിൽ രാഘവൻ മാസ്റ്റരുടെ സഹായിയായി പ്രവർത്തിച്ചു.എന്നാൽ ഒരു സംഗിത സംവിധായകനാവുന്നത് 1974 ൽ പുറത്തിറങ്ങിയ മിസ്റ്റർ സുന്ദരിയിലൂടെയായിരുന്നു.പക്ഷെ പാലയാട് യശോദ പാടിയ ആദിപരാശക്തി അമൃത വർഷിണി എന്ന ഗാനം മാത്രമേ ഹിറ്റായുള്ളു.തുടർന്നു അഭിനന്ദനങ്ങൾ എന്ന ചിത്രത്തിലെ എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്ന ഗാനത്തിനാവട്ടെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന വിഷാദ ഭാവമുള്ള പല്ലവിയിലെ ദേവി ക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ എന്ന ഗാനമാകട്ടെ അദ്ദേഹത്തെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചു.

സിനിമയുടെ വിജയത്തിനു പിന്നിൽ രാജൻ മാഷിൻ്റെ സംഗീതം പങ്ക് വഹിച്ചിട്ടുണ്ട്.ചിത്രം എന്ന പടത്തിലെ പാടം പൂത്ത കാലം പാടാൻ വന്നു നീയും,ദൂരെ കിഴക്കുദിക്കും മാണിക്ക്യ ചെമ്പഴുക്ക ഈറൻ മേഘം പൂവും കൊണ്ട്,നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളം മഞ്ഞിൽ കുളിരുമായോരു കുയിൽ,കുറിഞ്ഞി പൂക്കുന്ന നേരം എന്ന സിനിമയിലെ,മാനസലോലാ മരതകവർണ്ണാ നീയെവിടെ എൻ മായ കണ്ണാഎന്നീ ഗാനങ്ങൾ വഹിച്ച പങ്കും ചെറുതല്ല.

സംഗീത രംഗത്തെ ദുരന്തകഥ.

1974ലെ സംസ്ഥാന ചലചിത്ര അവാർഡ് വാർത്ത അദ്ദേഹത്തെ എറെ കരയിപ്പിച്ചു.കലാകേരള ട്രൂപ്പിൻ്റെ ദണ്ഡകാരുണ്യം നാടകത്തിലെ ബിച്ചു തിരുമല രചിച്ച തുഷാരബിന്ദുക്കളെ എന്ന പാട്ടിനു എഴ് ചിറകുള്ള ഈണം പകർന്നാണ് കണ്ണർ രാജൻ ചിട്ടപ്പെടുത്തിയത്.ഓർമ്മയിൽ സുഗന്ധം വിടർത്തുന്ന തുഷാരബിന്ദുക്കളെ അനുഗൃഹീത ഗായിക ലതികയാണ് നാടകത്തിനു വേണ്ടി പാടിയത്.മനോഹരമായ ഈണവും ആലാപനവും നാടകത്തിനു മുതൽ കൂട്ടായിരുന്നു, സിനിമയിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹവുമായി കഴിഞ്ഞിരുന്ന ബിച്ചു തിരുമല ഈ പാട്ട് കാസറ്റിലാക്കി ഐ.വി.ശശിയെ എൽപ്പിച്ചു.പാട്ടിൻ്റെ ആകർഷണ വലയത്തിൽ പെട്ട ഐ.വി.ശശി പാട്ടിനു വേണ്ടി ചിത്രികരിക്കാനുള്ള സീനുകൾ വരച്ചുണ്ടാക്കുകയും രാജൻ മാഷിൻ്റെ അനുവാദത്തോടെ ആലിംഗനത്തിൽ എ ടി ഉമ്മർ സംഗീതമണിയിച്ച മറ്റ് പാട്ടുകൾക്കൊപ്പം തുഷാരബിന്ദുവും തിരുകി കയറ്റി.ചിത്രത്തിൻ്റെ ക്രെഡിറ്റിൽ എല്ലാ പാട്ടുകളും എ.ടി. ഉമ്മറിൻ്റെതായി.അക്കോല്ലത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് പാട്ട് തുഷാര ബിന്ദുക്കളെ എന്ന ഗാനം പാടിയ ജാനകിക്കും സിനിമയുടെ സംഗീത സംവിധായകനായ എ.ടി ഉമ്മറിനും ലഭിച്ചു.വാർത്ത അറിഞ്ഞ കണ്ണൂർ രാജൻ കണ്ണീരണിഞ്ഞു.തൻ്റെ കരിയറിൽ വലിയ വഴിത്തിരിവാകുമായിരുന്ന ഈണത്തിനു മറ്റോരാൾക്ക് പുരസ് ക്കാരം.തൻ്റെ ജീവിതത്തിലെ പിതൃ നിക്ഷേധത്തിൻ്റെ ഈ വ്യഥ അവസാന കാലം വരെ അദ്ദേഹത്തെ വേട്ടയാടി.

.പാട്ടിൻ്റെ ട്യൂൺ എൻ്റെതാണെന്നു കണ്ണൂർ രാജൻ വെളിപ്പെട്ടുത്തിയപ്പോൾ അന്വേഷണമായി മുൻപന്തിയിൽ പ്രശസ്ത സംഗീത നിരൂപകൻ രവി മേനോൻ.”എന്നെ പാട്ട് പഠിപ്പിച്ചത് . ഉമ്മറാണ് ഒരു നിയന്ത്രണവും ഇല്ലാതെ എൻ്റെതായ ഇഷ്ടങ്ങൾ ആലാപനത്തിൽ വരുത്തി പാടാൻ അദ്ദേഹം സമ്മതം നൽകി.ഇതിനു മുമ്പ് ആരെങ്കിലും പാടിയിട്ടുണ്ടോ സംഗിതം പകർന്നിട്ടുണ്ടോ എന്നോന്നും അറിയില്ല.ഉമ്മറിൻ്റെ പ്രതികരണം മറ്റേന്നായിരുന്നു.രാജൻ നല്ല സംഗിത സംവിധായകനാണ്.അദ്ദേഹം മുമ്പ് ഈ പാട്ടിനു ഈണം പകർന്നിട്ടുണ്ടാകാം പക്ഷെ നിങ്ങൾ കേൾക്കുന്ന ഗാനം എൻ്റെതാണ്. ഹൃദയ ഗീതങ്ങൾ(രവി മേനോൻ) പേജ് 54 വിവരം പിന്നീടറിഞ്ഞ ലതികയുടെപ്രതികരണം ഇപ്രകാരം വിഷാദത്തിനു ചേരുന്ന നോട്ടായതിനാൽ ഞാൻ മൈനറിലാണ് പാടിയത്.പക്ഷെ ജാനകിയമ്മ അത് മേജർ നോട്ടിലാണ് പാടിയത്.

ഐ.വിശശിക്ക് മനോവിഷമം ഉണ്ടായി.അദ്ദേഹം പ്രായശ്ചിതം ചെയ്യാൻ തയ്യാറായി.തൻ്റെ അടുത്ത പടമായ അഭിനന്ദനങ്ങളിലെ പാട്ടിൻ്റെ കംബോസിങ് എ.ടി.ഉമ്മറിനു പകരം രാജനു നൽകി.എന്തിനെന്നെ വിളിച്ചു നീ വീണ്ടും,പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി എന്ന യുഗ്മഗാനം യേശുദാസും ലതികയും പാടി.ലതികയ്ക്ക് മലയാള സിനിമയിലേക്ക് പ്രവേശിക്കാൻ അവസരവും ഒരുക്കി ഐ.വി.ശശി. ഹൃദയത്തിൽ ഇളം മഞ്ഞിൻ്റെ കുളിരു നിറയ്ക്കുന്ന ഇളം മഞ്ഞിൽ കുളിരുമായോരു കുയിൽ പീലിയേഴും വീശി വാ,തൂ മഞ്ഞിൽ തുള്ളി തൂവൽ തേടും മിന്നാ മിന്നി,നിമിഷം സുവർണ്ണ നിമിഷം,നാദങ്ങളായ് നീ വരൂ,എന്നിവ ഭാവാംശം ഒട്ടും ചോർന്നു പോകാതെ അദ്ദേഹം അവിസ്മരണിയമാക്കിയ ഗാനങ്ങളാണ്.

പാടാനുള്ള അവസരം തേടിയാണ് ഞാൻ രാജൻ മാഷിൻ്റെ അടുക്കൽ ചെന്നതെങ്കിലും അദ്ദേഹം എനിക്ക് അവസരം തന്നില്ല.പക്ഷെ അദ്ദേഹത്തിൻ്റെ കൊച്ചു മകൾ ദിയയ്ക്ക് താരാട്ട് പാടി കൊടുക്കാനുള്ള അവസരം ദൈവം എനിക്ക് തന്നു.പറയുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത്.ശരത്തിൻ്റെ ഭാര്യയാണ് കണ്ണൂർ രാജൻ്റെ മകൾ സീത.ശരത്തിൻ്റെയും സീതയുടെയും മകളാണ് ദിയ.

1995 എപ്രിൽ 27നു മദ്രാസിലായിരുന്നു കണ്ണൂർ രാജൻ്റെ അന്ത്യം.ഭാര്യാ സഹോദരനായ കെ.കെ. ഹരിദാസിൻ്റെ കൊക്കരക്കോ എന്ന ചിത്രത്തിനു സംഗിതമണിയിക്കുന്ന സന്ദർഭത്തിൽ ഹൃദയം അദ്ദേഹത്തോട് പിണങ്ങി.ദൗർഭാഗ്യങ്ങളുടെ നിഴൽ എപ്പോഴും അദ്ദേഹത്തിൽ വീണിരുന്നു.മികച്ച പ്രതിഭയായിട്ടും അർഹിക്കുന്ന അംഗീകാരങ്ങൾ തേടിയെത്തിയില്ല. സംഗീതരംഗത്ത് അത്യഞ്ജല പ്രതിഭയായിട്ടോ ട്രെൻഡുകൾക്ക് തുടക്കമിട്ട വ്യക്തിയായിട്ടോ ഒന്നും പരിഗണിക്കപ്പെടാതിരുന്നിട്ടും കേരളത്തിലെ സംഗീത പ്രേമികളിൽ വിഷാദ്ര സ്മൃതിയുണർത്തി കണ്ണൂർ രാജൻ ഇന്നും ജീവിക്കുന്നു. ശശികുമാർ കല്ലിടുംബിൽ 9447282483

Advertisement
Advertisement
Advertisement
Advertisement
Advertisement