കണ്ണൂർ സ്പെഷ്യൽ ചിക്കൻ കൽമാസ്

 ആവശ്യമായ ചേരുവകൾ 

1. എല്ലില്ലാത്ത ചിക്കൻ – 200 ഗ്രാം
2. സവാള – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
4. പച്ചമുളക് – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
5. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
6. മുളകുപൊടി / കാശ്മീരി മുളകുപൊടി – 1.5 ടീസ്പൂൺ
7. മല്ലിപ്പൊടി – 1/2 ടീസ്പൂൺ
8. ഗരം മസാല (അല്ലെങ്കിൽ ചിക്കൻ മസാല) – 1/2 ടീസ്പൂൺ
9. പെരുംജീരകം – 1 ടീസ്പൂൺ
10. മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
11. വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) – 1.5 കപ്പ്
12. ചിരകിയ തേങ്ങ – 1/2 കപ്പ്
13. ചെറിയ ഉള്ളി – 4-5 എണ്ണം
14. തിളച്ച വെള്ളം – പാകത്തിന്
15. വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഉള്ളിൽ വെക്കാനുള്ള സ്വാദിഷ്ടമായ മസാലയാണ് തയാറാക്കേണ്ടത്. ഇതിനായി വേവിച്ചുവെച്ച എല്ലില്ലാത്ത ചിക്കൻ ചെറുതായി പിച്ചിയിട്ടെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. സവാള വാടിവരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറ്റിയ ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി ആവശ്യത്തിന് മല്ലിയിലയും വിതറി മസാല തയാറാക്കി മാറ്റിവെക്കാം.

​അടുത്തതായി പുറത്തെ മാവ് കുഴച്ചെടുക്കണം. ഇതിനായി വറുത്ത അരിപ്പൊടിയിലേക്ക്, ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും പെരുംജീരകവും മിക്സിയിൽ ഒന്ന് ഒതുക്കിയെടുത്ത അരപ്പും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് നല്ല തിളച്ച വെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് മൃദുവായ പത്തിരിമാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.

​ഇനി ഈ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈപ്പത്തിയിൽ വെച്ച് പരത്തി, നടുവിൽ നമ്മൾ തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ മസാല വെച്ചു കൊടുക്കാം. അരികുകൾ കൂട്ടിയോജിപ്പിച്ച് ഇരുവശവും അല്പം കൂർത്ത നീളത്തിലുള്ള ആകൃതിയിൽ ഉരുട്ടിയെടുത്ത ശേഷം ഇഡ്ഡലി തട്ടിൽ വെച്ച് 10 മുതൽ 12 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക.

​അവസാനമായി, ഇവയ്ക്ക് നല്ലൊരു മസാല കോട്ടിംഗ് നൽകാനായി കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് പരുവത്തിലാക്കണം. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് പെരുംജീരകവും കറിവേപ്പിലയും താളിച്ച ശേഷം ഈ മുളകുപേസ്റ്റ് ചേർത്ത് മൂപ്പിച്ചെടുക്കുക. ആവിയിൽ വെന്തുവന്ന കൽമാസുകൾ ഈ മസാലയിലേക്ക് ഇട്ട് ചെറുതീയിൽ എല്ലാ വശവും നന്നായി പെരട്ടിയെടുക്കുന്നതോടെ മൊരിഞ്ഞതും രുചികരവുമായ കണ്ണൂർ കൽമാസ് റെഡി.

Top News from last week.

Latest News

More from this section