കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. തെരുവുനായ ആക്രമണം വര്‍ധിക്കുമ്പോഴും ജില്ലാ പഞ്ചായത്ത് അധികൃതരും, കോര്‍പറേഷന്‍ അധികൃതരും നടപടിക്കായി മുതിരാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നു. വഴിയാത്രക്കാര്‍ക്ക് അടക്കം തെരുവുനായയുടെ കടിയേല്‍ക്കുന്നത് പതിവാകുന്നു.
ഇന്നലെ മാത്രം നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റവരില്‍ കോഴിക്കോട്, തമിള്‍നാട് സ്വദേശികളടക്കം ഉള്‍പ്പെടുന്നു. കാള്‍ടെക്‌സ്, പഴയ ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലാണ് നാല് പേര്‍ക്ക് ഇന്നലെ കടിയേറ്റത്. കോഴിക്കോട് തിക്കോടിയിലെ അജ്മല്‍, തമിള്‍നാട് സ്വദേശി കമല, മാവിലായിലെ രമേശന്‍, കീച്ചേരിയിലെ പ്രകാശന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ മാസം കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിപക്ഷം തെരുവുനായ വിഷയം ഉന്നയിക്കുകയും, പ്രതിഷേധം ശക്തമാക്കുകയും ചെയ്തിട്ടും കാര്യമായ നടപടിയായില്ലെന്നാണ് വിലയിരുത്തല്‍. തെരുവുനായവിഷയത്തില്‍
കണ്ണൂര്‍ കോര്‍പറേഷനില്‍ കഴിഞ്ഞമാസം ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്. ജനകീയ പ്രശ്‌നമെന്ന നിലയ്ക്ക് പ്രതിപക്ഷം ഉന്നയിച്ച വിഷയം കോര്‍പറേഷന്‍ ഭരിക്കുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
2022ല്‍ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നതാണ് വ്യവസ്ഥ. തെരുവ് നായ ശല്യത്തെക്കുറിച്ചും സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസവും റിപ്പോര്‍ട്ട് നല്‍കണം. വാക്സിനേഷന്‍ പുരോഗതി, എ.ബി.സി കേന്ദ്രം സജ്ജമാക്കല്‍ എന്നിവയുള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും ജില്ലാതലത്തില്‍ നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
തെരുവുനായ ആക്രമണം സംസ്ഥാനത്താകെ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് സമീപകാലത്ത് പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്്. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചത് 26 പേരാണ്. ഈ വര്‍ഷം ഇതുവരെ കടിയേറ്റ് ചികിത്സ തേടിവരാവട്ടെ ഒന്നര ലക്ഷത്തിലധികം പേരാണ്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുക സര്‍ക്കാര്‍ തലത്തില്‍ പോലും വിഷയത്തില്‍ വേണ്ടത്ര നടപടിയില്ല എന്നതാണ്.









