കണ്ണൂർ സർവ്വകലാശാല എഫ് ഐ യു ജി പി – പി ജി അഡ്മിഷൻ പ്രക്രിയയിലെ അപാകതകൾ പരിഹരിക്കുക – കെ എസ് യു

രജിസ്ട്രാർക്ക് നിവേദനം സമർപ്പിച്ച് കെ എസ് യു നേതാക്കൾ

ഒന്നാം വർഷ യു ജി വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ നൽകുമ്പോൾ സെൽഫ് ഫിനാൻസിങ്ങ് കോളേജുകളെ ഉൾപ്പെടുത്താതെ പോർട്ടൽ ആരംഭിച്ചത് വലിയൊരു ശതമാനം വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി രജിസ്ട്രാർക്ക് നിവേദനം നൽകി.
അഡ്മിഷൻ പ്രക്രിയ ആരംഭിച്ചപ്പോൾ നിരവധി വിഷയങ്ങളിൽ അപേക്ഷ നൽകുന്ന വേളയിൽ പല കോളേജുകളുടെയും പേര് ലിസ്റ്റിലില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടമാവുകയാണെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.
അഡ്മിഷൻ പ്രക്രിയ പൂർത്തിയാകുന്നതിന് മുന്നോടിയായി യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള അധ്യാപകരെ സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിൽ നിയമിക്കാനും നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് ബാക്കി വരുന്ന ക്യാമ്പസുകളിൽ കൂടി അപേക്ഷ നൽകാനുള്ള അവസരം ഉറപ്പ് വരുത്താനുമുള്ള നടപടികൾ ഉണ്ടാവണമെന്നും കെ എസ് യു നേതാക്കൾ ആവശ്യപ്പെട്ടു.
കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ,മുബാസ് സി എച്ച്,പ്രകീർത്ത് മുണ്ടേരി,വൈഷ്ണവ് മലപ്പിലായി എന്നിവർ സംസാരിച്ചു.

Top News from last week.