കണ്ണൂരിൽ ക്രിമിനൽ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി; സെൻട്രൽ ജയിലിലേക്ക് മാറ്റി


കണ്ണൂർ: കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം തടങ്കലിലാക്കി. ആദി കടലായി സ്വദേശിയായ ജബ്ഷീർ എന്ന ‘കല്ല് ജംഷി’ (35) ആണ് ജയിലിലായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ ശുപാർശ അംഗീകരിച്ച് ജില്ലാ കളക്ടർ പി. വിഷ്ണു രാജ് നൽകിയ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ സിറ്റി, ടൗൺ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നിലവിൽ മറ്റൊരു കേസിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
സിറ്റി പൊലീസ് ഇൻസ്‌പെക്ടർ ഇ. കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.









