സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കർമയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ സമൂഹനന്മയ്‌ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു.
നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നൽകിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ൽ നായർ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായർ സർവീസ് സൊസൈറ്റി എന്നു പുനർനാമകരണം ചെയ്തു.
വൈക്കം സത്യാഗ്രഹത്തെ എതിർത്ത സവർണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവർണജാഥയും ഗുരുവായൂർ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ നേതൃപാടവം അടയാളപ്പെടുത്തി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാ സമാജികനായി. വിദ്യാഭ്യാസ മേഖലയിൽ നിരവധി കർമ്മപരിപാടികൾ വിജയകരമായി നടപ്പാക്കിയ മന്നത്ത് പത്മനാഭൻ ഒട്ടനവധി സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചു. കാലാതീതമായ ദർശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തി.









