കാസര്‍ഗോഡ് വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞു

കാസര്‍ഗോഡ്: ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ രക്ഷപ്പെട്ടത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയില്‍ പതിച്ചതിനാല്‍ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. മേഘ കണ്‍സ്ട്രക്ഷന്‍സ് ദേശീയപാത നിര്‍മാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ജില്ലാ കളക്ടറും എന്‍ഡിആര്‍എഫ് സംഘവും എത്തി.

മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാന്‍ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണസംവിധാനത്തിന്റെ നിര്‍ദേശ പ്രകാരം നിര്‍മാണ കമ്പനി ഈ പ്രദേശത്ത് വെളിച്ചവും നിരീക്ഷണത്തിന് കമ്പനി ജീവനക്കാരെയും നിയമിച്ചിരുന്നു. ദേശീയപാത നിര്‍മാണത്തിലെ അപാകത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന് സന്ദര്‍ശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചു പോവുകയായിരുന്നു.അതേസമയം, അപകടത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Top News from last week.

Latest News

More from this section