കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുന്നത് കോൺഗ്രസിന് ദേശീയ തലത്തിൽ കരുത്ത് പകരുമെന്നും അത് ഉറപ്പാക്കാനുള്ള നടപടികൾ കേരളത്തിലെ ജനങ്ങളും എൽഡിഎഫും സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഹസിച്ച് സിപിഐഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്
ഡൽഹിയിൽ തന്നെ തുടരുന്നത് കോൺഗ്രസിന് ദേശീയ തലത്തിൽ കരുത്ത് പകരുമെന്നും അത് ഉറപ്പാക്കാനുള്ള നടപടികൾ കേരളത്തിലെ ജനങ്ങളും എൽഡിഎഫും സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. മെയ് 4-ന് വോട്ടെണ്ണൽ നടക്കാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.
“നമ്മുടെ ഇന്ത്യ (INDIA) മുന്നണിയിലെ പങ്കാളിക്ക് ദേശീയ തലത്തിൽ ഒരു നഷ്ടം സംഭവിക്കരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ കരുത്തായ വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുമെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്,” ബ്രിട്ടാസ് പരിഹാസരൂപേണ പറഞ്ഞു.മെയ് 4 വരെ എന്ത് സ്വപ്നം കാണാനും കോൺഗ്രസ് നേതാക്കൾക്ക് അവകാശമുണ്ടെന്നും 2021-ലെ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വരെ നിശ്ചയിച്ച് യുഡിഎഫ് ഇത്തരത്തിൽ സ്വപ്നം കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ നാടകത്തിന്റെ ആവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കം
കെ. സി. വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത വലിയ നേതാവായി ഉയർത്തിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്തെത്തിയത് പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. കെ. സിയുടെ നേതൃപാടവത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ദീർഘമായ കുറിപ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കെ. കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ ഉന്നതരായ നേതാക്കളുടെ പാത പിന്തുടരാൻ കെ. സിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനുമായി നല്ല ബന്ധത്തിലല്ലാതിരുന്ന സുധാകരന്റെ ഈ നീക്കം സതീശൻ പക്ഷത്തിന് തിരിച്ചടിയായാണ് കാണുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പരസ്യമായ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാനാണ് മുസ്ലീം ലീഗ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും കരുത്തുറ്റ നേതാവുമായ കെ. സി. വേണുഗോപാൽ ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്തുപകരുമ്പോഴും കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുകയും പ്രവർത്തകരെ ആവേശം കൊള്ളിക്കുകയും ചെയ്ത അദ്ദേഹം വിജയത്തിന്റെ ചാലകശക്തിയായി മാറി. ഇത് അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
കേരളത്തിന് ഇന്ന് അത്തരമൊരു ദീർഘവീക്ഷണമുള്ള നേതൃത്വത്തെ ആവശ്യമുണ്ട്. കെ. കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ മഹാന്മാരായ നേതാക്കൾ കാട്ടിത്തന്ന വഴിയിലൂടെ കേരള രാഷ്ട്രീയത്തെ നയിക്കാൻ കെ. സിക്ക് സാധിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു.
ഒരു നേതാവിന്റെ മഹത്വം സ്ഥാനങ്ങളിലല്ല, മറിച്ച് പ്രവർത്തന പാരമ്പര്യത്തിലാണ്. താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സ് അറിയാൻ സാധിക്കൂ. പാർട്ടിയോടുള്ള കൂറും പ്രതിസന്ധികളിൽ തളരാത്ത നിലപാടും പ്രവർത്തകരോടുള്ള വിനയവുമാണ് കെ. സി. വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം പ്രവർത്തകർക്ക് നേതാവ് മാത്രമല്ല, ഒരു സഹയാത്രികൻ കൂടിയാണ്.
ഇത്തരം നേതാക്കളാണ് പ്രസ്ഥാനത്തിന്റെ കരുത്ത്. ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ തന്നെ കേരളത്തിലെ ജനങ്ങളെയും പ്രവർത്തകരെയും പ്രചോദിപ്പിക്കാനും നാളത്തെ സർക്കാരിന് ദിശാബോധം നൽകാനും കെ. സി. വേണുഗോപാൽ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു. ആ നേതൃകാലഘട്ടത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.









