സര്‍ക്കാര്‍ വെളിച്ചെണ്ണയായ കേരക്ക് റെക്കോര്‍ഡ് വില കയറ്റം. ഒറ്റദിവസം കൊണ്ട് 110 രൂപ വര്‍ധിച്ച് 529 രൂപയാണ് ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയുടെ വില. ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്.
പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നില നില്‍ക്കെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡ് കേര വെളിച്ചെണ്ണയുടെ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. നാടന്‍ വെളിച്ചെണ്ണയും ലീറ്ററിന് 420 480 രൂപയ്ക്ക് കിട്ടുമ്പോഴാണ് കുത്തനെയുള്ള വില വര്‍ധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി.
കേരക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാല്‍, വില സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലെത്തിയതിനാല്‍ ഇക്കുറി ഉപഭോക്താക്കള്‍ മറ്റു ബ്രാന്‍ഡുകളിലേക്ക് തിരിയും. പൊതുമേഖലാ സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയര്‍ത്തിയതോടെ വിപണിയില്‍ മറ്റു ബ്രാന്റുകളും വില ഉയര്‍ത്തിയേക്കും.









