കേരളം പോളിംഗ് ബൂത്തിൽ; പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് രേഖപ്പെടുത്തി, വിജയപ്രതീക്ഷയിൽ മുന്നണികൾ

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും വിവിധ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയിരുന്നു.കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ്

ആവേശകരമായി പുരോഗമിക്കുന്നു. സംസ്ഥാനത്തെ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി 2.71 കോടി വോട്ടർമാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും വിവിധ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയിരുന്നു.

മുഖ്യമന്ത്രി കുടുംബസമേതം വോട്ട് രേഖപ്പെടുത്തി

കണ്ണൂർ ജില്ലയിലെ പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ പോളിംഗ് ബൂത്തിൽ രാവിലെ 8 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ഭാര്യ, മകൾ, മകൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണിതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മളെന്നും വികസന നേട്ടങ്ങൾ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം നിലനിർത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്കറിയാം. വർഗീയ ശക്തികൾക്ക് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്നും താൻ സന്ദർശിച്ച 12 ജില്ലകളിലും എൽഡിഎഫിന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂരിലെ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും കൂടുതൽ ആളുകൾ ബൂത്തിലെത്തുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന ഉറച്ച ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

തന്റെ ‘പുതുയുഗ യാത്ര’യിലുടനീളം ഭരണമാറ്റത്തിനായുള്ള ശക്തമായ തരംഗം ദൃശ്യമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട തടസ്സങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും

ഗുരുവായൂരിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുലർച്ചെ 6.30-ന് തന്നെ എത്തി വരിനിന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഭക്തിയോടെയാണ് താൻ വോട്ട് ചെയ്തതെന്നും ഗുരുവായൂരപ്പന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി ഇത്തവണ നിർണ്ണായക ശക്തിയായി മാറുമെന്ന് പറഞ്ഞു. സഭയിൽ ബഹളം വെക്കാനല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിജെപി വോട്ട് ചോദിക്കുന്നത്. എൽഡിഎഫിനോ യുഡിഎഫിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

താരപ്പൊലിമയിൽ ബൂത്തുകൾ

തിരുവനന്തപുരം മുടവൻമുഗൾ ഗവൺമെന്റ് സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ എത്തി. വരി നിന്ന് വോട്ട് ചെയ്ത താരം നേമംമണ്ഡലത്തിലെ സ്ഥാനാർത്ഥികളായ വി. ശിവൻകുട്ടിയുമായും കെ.എസ്. ശബരീനാഥനുമായും സംസാരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥിച്ചു.

മറ്റ് പ്രമുഖ നേതാക്കൾ

മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വോട്ട് രേഖപ്പെടുത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കണ്ണൂരിലെ പേരാവൂരിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ചങ്ങനാശ്ശേരിയിലും വോട്ട് ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ജോർജ് കുര്യൻ ഏറ്റുമാനൂരിൽ വോട്ട് രേഖപ്പെടുത്തി. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനും വിജയപ്രതീക്ഷ പങ്കുവെച്ചു. പാലായിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് ജോസ് കെ മാണി പിതാവ് കെ.എം. മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പോളിംഗ് സമാധാനപരമായി തുടരുകയാണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.

Top News from last week.

Latest News

More from this section