എം.വി. ജയരാജനും, കെ സുധാകരനും തമ്മിലുള്ള പോരാട്ടം കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ കൂടി പോന്നതാണ്. ഇഞ്ചോടിഞ്ച് ഒപ്പത്തിനൊപ്പം ചവിട്ടിക്കയറി വായ്താരി പറഞ്ഞ് ഓതിരവും കടകവും പറഞ്ഞൊഴിഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുമ്പോള്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മല്‍സരഫലം പ്രവചനാതീതം. ഒരുമുഴം മുമ്പേ നടന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം ഓടിയെത്തിയ യു.ഡി.എഫ് സഥാര്‍ത്ഥി സുധാകരനും ജയത്തിനായി അടവുകളെല്ലാം പയറ്റുമ്പോള്‍ ആരു ജയിക്കും ആരുതോല്‍ക്കും എന്ന് പ്രവചിക്കാനാവാത്ത നിലയാണ്. രണ്ടാംറൗണ്ട് പര്യടനം എം.വി ജയരാജനും കെ.സുധാകരനും പൂര്‍ത്തിയാക്കി മൂന്നാം റൗണ്ടിലേക്ക് കടന്നു.
കണ്ണൂരിലെ പോരാട്ടം ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിന്റെ നേര്‍ക്കാഴ്ചയാണ് കാണുന്നത്. വീഴ്ത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തില്‍ വീറുവാശിയുമേറുമ്പോള്‍ ഇരുകൂട്ടരും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞകാല കണക്കുകളൊന്നും ഇവിടെ ടാലിയാവില്ല. കാരണം കണ്ണൂരിലെ രാഷ്ട്രീയപ്പോര് വേറെ ലവലിലാണിപ്പോള്‍. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ എട്ടു തവണ യു.ഡി.എഫിനൊപ്പവും ആറ് തവണ എല്‍.ഡി.എഫിനൊപ്പവും നിന്ന മണ്ഡലം ഗംഭീരമായൊരു പൊളിറ്റിക്കല്‍ സസ്പെന്‍സിലാണ്. രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന രണ്ട് രാഷ്ട്രീയക്കാര്‍ തമ്മിലുള്ള മത്സരത്തിന്റെ സസ്പെന്‍സ്. കണ്ണൂരില്‍ സി.പി.എം കരുത്തനായ നേതാവിനെത്തന്നെയാണ് രംഗത്തിറക്കിയത്. കെ.സുധാകരനോട് എക്കാലവും കിടപിടിക്കുന്ന ജയരാജന്മാരില്‍ ഒരാള്‍ മല്‍സരിക്കുമ്പോള്‍ പാര്‍ട്ടി ജയം പ്രതീക്ഷിക്കുന്നു. യുഡിഎഫിലാകട്ടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പ്രഗത്ഭനായ കെ.സുധാകരന്‍. കോണ്‍ഗ്രസിന്റെ കുത്തക വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ സുധാകരനും ഇടതിന്റെ കരുത്ത് ഇക്കുറി പ്രകടമാകുമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ജയരാജനും വോട്ടര്‍മാരെ കാണുമ്പോള്‍ ഈ അങ്കമാണ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടുന്നത്.
തൊട്ടടുത്ത വടകര മണ്ഡലത്തില്‍ യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിലെ കെ.കെ. ശൈലജ എംഎല്‍എയും കൊമ്പുകോര്‍ക്കുന്ന മല്‍സരത്തിന്റെ പ്രചാരണം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവിടെയും ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കടത്തനാടന്‍ കളരിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് പയറ്റി മുന്നേറുന്ന ഷാഫിയോ അതോ കെ.കെ.ശൈലജയോ ആരുജയിക്കുമെന്ന് പറയാനാവാത്ത മല്‍സരമാണ് വടകരയില്‍. ഫോട്ടോ ഫിനിഷിംഗ് ആയിരിക്കും ഇവിടുത്തെ ഫലമെന്ന് തീര്‍ച്ച.