തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് രൂപീകരിച്ചിട്ട് 50 വര്‍ഷങ്ങള്‍ തികയുകയാണ്. 1975 ജൂലൈ ഒന്നിനാണ് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ട്രൈബല്‍ വെല്‍ഫയറിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്.വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2025-26 ല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഒരു വര്‍ഷം നീളുന്ന പരിപാടികളിലൂടെ പട്ടികവര്‍ഗ്ഗ വികസനം സംബന്ധിച്ച് പുതിയ ദിശാ ബോധത്തിനും ഇതുവഴി ലക്ഷ്യ വിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഇതുവരെയുളള പദ്ധതി പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തുക, അര നൂറ്റാണ്ടുകൊണ്ട് ഈ മേഖലയിലുണ്ടായ മാറ്റങ്ങളും, നേട്ടങ്ങളും അടയാളപ്പെടുത്തുക, ഈ മേഖലയിലെ പ്രതിഭകളെയും, വിദഗ്ദ്ധരെയും, കേള്‍ക്കുകയും, ആദരിക്കുകയും ചെയ്യുക, പുതിയ വികസന കാഴ്ചപ്പാടുകളും, ആശയങ്ങളും പങ്കുവെക്കാന്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഇതിനു പുറമേ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഭൂമി ഉറപ്പാക്കി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക.
ഫോറസ്റ്റ് വില്ലേജുകള്‍ സമയബന്ധിതമായി റവന്യൂ വില്ലേജാക്കി പരിവര്‍ത്തനം ചെയ്യുക,
വനാവകാശനിയമ പ്രകാരം നല്‍കിയ സ്ഥലത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കുക, എല്ലാ ഉന്നതികളിലും റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്, ശ്മശാനം, തുടങ്ങിയവ ഉറപ്പാക്കുക, എബിസിഡി പദ്ധതിയിലൂടെ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും അടിസ്ഥാന രേഖകള്‍ ഉറപ്പാക്കി ഡിജിറ്റലൈസ് ചെയ്ത് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികളും സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടത്തും.
പട്ടികവര്‍ഗ്ഗ വിഭാഗക്കാരിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം, ദുരന്തസാധ്യതയുള്ള പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കല്‍, എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്, ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളും സുവര്‍ണ്ണ ജൂബിലിവര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.
വയനാട് ജില്ലയില്‍ നടപ്പിലാക്കിയ ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയാ പദ്ധതി റ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.ആറളം ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക, ഫിഷറീസ്, വെറ്ററിനറി സര്‍വ്വകലാശാലകളുടെ ഹൃസ്വകാല കോഴ്‌സകള്‍ ഉള്‍പ്പെടുത്തി സുവര്‍ണ ജൂബിലി ട്രെയിനിംഗ് കേന്ദ്രം ആരംഭിക്കും.
‘എന്‍ ഊര് ‘ പദ്ധതി ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി എത്‌നിക് ടൂറിസം പദ്ധതിയായി വിപുലീകരിക്കും. ഇങഉ വഴി വിവിധ നിര്‍മ്മാണ ജോലികള്‍ക്ക് പരിശീലനം നല്കിയ 85 ഗോത്ര ജീവിക സംഘങ്ങളെ സംസ്ഥാന തലത്തില്‍ ഏകോപിപ്പിച്ച് ഫെഡറേഷന്‍ രൂപീകരിക്കാനും കിര്‍ത്താഡ്‌സ് തയ്യാറാക്കിയിട്ടുള്ള തദ്ദേശീയ വൈദ്യന്‍മാരുടെ അറിവ് സംരക്ഷിക്കുന്നതിനും ഏകീകരിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു.എല്ലാ പട്ടിക വര്‍ഗ്ഗ ഉന്നതികളിലും സുവര്‍ണ്ണ ജൂബിലി സന്ദേശം നല്‍കി ജൂലൈ 27 ന് ഊരുത്സവങ്ങള്‍ സംഘടിപ്പിച്ചു.
ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനമായ ആഗസ്റ്റ് 9 ന് വൈകിട്ട് 4.00 ന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു അദ്ധ്യക്ഷനാകും. മന്ത്രിമാരായ ശ്രീ.കെ.എന്‍.ബാലഗോപാല്‍ ,ശ്രീ.വി.ശിവന്‍കുട്ടി, അഡ്വ.ജി.ആര്‍.അനില്‍, പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം മേയര്‍, ജില്ലയിലെ പാര്‍ലമെന്റ് – നിയമസഭാ അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങിയവരും പങ്കെടുക്കും.
രാവിലെ 9 മുതല്‍ കനകകുന്നില്‍ വിവിധ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടക്കും. ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 2.00 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് നിന്നും തദ്ദേശ ജനതയുടെ ഘോഷയാത്രയോടുകൂടിയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
സമ്മേളനത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി ആരംഭിക്കുന്ന സ്മാര്‍ട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ പദ്ധതി മാര്‍ഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ‘വിദേശ പഠനത്തിനുളള ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ഓഫര്‍ ലെറ്റര്‍ കൈമാറല്‍ ധനമന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാലും, നൂറു ശതമാനം വിജയം കൈവരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കുളള ട്രോഫി വിതരണം ഭക്ഷ്യ സിവല്‍ സപ്ലൈസ് വകുപ്പ് മന്ത്രി.അഡ്വ.ജി.ആര്‍.അനിലും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ് ടോപ്പ് വിതരണം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശനും നിര്‍വ്വഹിക്കും. തുടര്‍ന്ന് കേരളത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാപരിപാടികള്‍ നിശാഗന്ധിയില്‍ അരങ്ങേറും.









