കൊച്ചി: തൃശൂർ പൂരം എഴുന്നള്ളത്തിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.
കേരളത്തിൽ കഠിനമായ ചൂട് നിലനിൽക്കുന്നതിനാലാണ് അകലം ആവശ്യമാണെന്ന് നിർദേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ 5-6 മീറ്ററാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചതിനെ തുടർന്ന് ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ആനകളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ച്‌ച ഉണ്ടാവില്ലെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉറപ്പാക്കാൻ നിർദേശം നൽകി. ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും കോടതി പറഞ്ഞു. ആനകളുടെ ഫിറ്റ്നെസ് പരിശോധന നടത്തുമ്പോൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡൻ്റുമാർ അവിടെ ഉണ്ടായിരിക്കണമെന്നും എന്നാൽ പരിശോധനാ കാര്യങ്ങളിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്ക്വാഡ് ആയിരിക്കും. ആരെയൊക്കെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഫിറ്റ്നെസ് പരിശോധന നടക്കുന്നിടത്ത് സന്ദേശ് രാജ, സുരേഷ് മേനോൻ എന്നീ അഭിഭാഷകർ കോടതിയുടെ പ്രതിനിധികളായി പങ്കെടുക്കും. ഇവർ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.