ഇ- ഗവേണൻസ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. ഏപ്രിൽ പത്തോടുകൂടി സംസ്ഥാനത്ത് സമ്പൂർണ്ണ കെ സ്മാർട്ട് പദ്ധതി നടപ്പിലാക്കും. ഇതോടെ നഗരസഭകൾക്കും മുനിസിപ്പാലിറ്റികൾക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി ഇ-സേവനം ലഭ്യമാകും.
ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ സ്മാർട്ട്. പഞ്ചായത്ത് ഓഫീസുകളിലെത്താതെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ സമയബന്ധിതമായി പൂർത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ഇപ്പോൾ കെ സ്മാർട്ട് പദ്ധതി ഉള്ളത്. ഏപ്രിൽ 10 ഓടുകൂടി ത്രിതല പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ കേരളം സമ്പൂർണ്ണമായും കെ സ്മാർട്ട് ആവുകയാണ്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായി കഴിഞ്ഞു. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും കെ സ്മാർട്ട് വഴി സാധിക്കും. കെട്ടിട പെർമിറ്റിന് നിലവിൽ ഒരുമാസം സമയമെടുക്കുന്നുണ്ട്. എന്നാൽ കേസ്മാർട്ട് നടപ്പിലാക്കുന്നതോടെ 300 സ്‌ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളുടെ പെർമിറ്റിന് 15 സെക്കൻഡ് മതിയാകും എന്നതാണ് പ്രത്യേകത. ജനന മരണ സർട്ടിഫിക്കറ്റുകൾ അതാത് ദിവസം തന്നെ ലഭ്യമാകും. ലൈസൻസ് പുതുക്കലും വേഗത്തിലാകും. വ്യക്തികൾ രണ്ടിടത്താണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.






