വെന്തുരുകി കേരളം; മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അതേസമയം നേരിയ ആശ്വാസം പകരാൻ ഒമ്പത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് കനത്തെ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം നേരിയ ആശ്വാസം പകരാൻ ഒമ്പത് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യതയുണ്ട്.  ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് – ഓറഞ്ച് അലർട്ട്

മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനം വെന്തുരുകുകയാണ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ട്. ഇതിൻ്റെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു.ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം* ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ  മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പൊതുജനങ്ങൾക്കുള്ള താപനില ജാഗ്രത നിർദ്ദേശങ്ങൾ

സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

തീപിടുത്തത്തിനെതിരെ ജാഗ്രത

വേനൽ കടുക്കുന്നതോടെ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. അധികൃതർ ഫയർ ഓഡിറ്റ് നടത്തണമെന്നും വിനോദസഞ്ചാരികളും വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഉച്ചസമയത്ത് ജോലി ചെയ്യുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാർ ഉൾപ്പെടെയുള്ളവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവർ വെയിൽ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും, ഏപ്രിൽ 27നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും;  25/04/2026,  26/04/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.


Top News from last week.

Latest News

More from this section