പിതൃസ്മരണയിൽ കേരളം;പാപനാശിനിയിലും പയ്യാമ്പലത്തും ജനസാഗരം:


കണ്ണൂർ: പിതൃസ്മരണയിൽ പുണ്യതീർത്ഥങ്ങളേന്തി ആയിരങ്ങൾ ഇന്നു കർക്കിടക വാവുബലി തർപ്പണം നടത്തുന്നു. വേർപിരിഞ്ഞുപോയ പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനായി പുലർച്ചെ മുതൽ തന്നെ പ്രമുഖ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും പുഴയോരങ്ങളിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ മലബാറിലെയും മലയോര മേഖലയിലെയും പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം വൻ ജനപ്രവാഹമാണ് ദൃശ്യമാകുന്നത്.

കണ്ണൂർ പയ്യാമ്പലം കടൽത്തീരത്ത് പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് പിതൃതർപ്പണത്തിനായി എത്തിയത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ തർപ്പണച്ചടങ്ങുകൾ ആരംഭിച്ചു. പാപനാശിനിയിൽ മുങ്ങി നിവർന്ന് പിതൃക്കൾക്ക് തിലതർപ്പണം നടത്താൻ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറി തിരുനെല്ലിയിലേക്ക് ഒഴുകിയെത്തിയത്.
കണ്ണൂർ സുന്ദരേശ്വര ക്ഷേത്രക്കടവിലും തർപ്പണത്തിനായി പുലർച്ചെ മുതൽ ഭക്തരുടെ നീണ്ട നിര അനുഭവപ്പെട്ടു. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രദർശനം നടത്തി തിലഹോമവും പ്രത്യേക വഴിപാടുകളും കഴിച്ചാണ് ഭക്തജനങ്ങൾ മടങ്ങുന്നത്. തലശ്ശേരിയിലെ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രത്തിലും വലിയ രീതിയിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പന്തലുകളും ക്രമീകരണങ്ങളും ക്ഷേത്രഭാരവാഹികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബലിതർപ്പണത്തിനായി എത്തുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എല്ലാ കേന്ദ്രങ്ങളിലും പോലീസും ഫയർഫോഴ്സും തികഞ്ഞ ജാഗ്രതയിലാണ്. ബസ് സർവീസുകൾ കൂടുതൽ വ്യാപിപ്പിച്ചും കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കിയും ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.









