മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട്: ദക്ഷിണ മേഖല കൗൺസിലിൽ നിലപാട് വ്യക്തമാക്കി സംസ്ഥാനങ്ങൾ


ചെന്നൈ: ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ ആവർത്തിച്ച് കേരളവും തമിഴ്നാടും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന്റെ നിർമ്മാണച്ചെലവ് മുഴുവൻ കേരളം വഹിക്കാമെന്നും ഡാമിന്റെ സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരി തർക്കത്തിൽ സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനർനിർണ്ണയവും മറ്റ് ഉന്നയിച്ച ആവശ്യങ്ങളും
മണ്ഡല പുനർനിർണ്ണയത്തിൽ ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിലെ കർശന നിലപാടിൽ കൗൺസിൽ യോഗത്തിൽ തമിഴ്നാട് നേരിയ ഇളവ് വരുത്തിയെങ്കിലും, സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യം കുറയരുതെന്ന് സി. ജോസഫ് വിജയ് പറഞ്ഞു. നീറ്റ് (NEET) പരീക്ഷ ഒഴിവാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ടോൾ ഒഴിവാക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചു. നിലവിലെ ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിന് ശാസ്ത്രീയ പിൻബലമില്ലെന്നും, ശാസ്ത്രീയ പരിശോധനകൾ നടത്തി യാത്രാവിലക്ക് പുനഃക്രമീകരിക്കണമെന്നും കേരളം കൗൺസിലിനോട് ആവശ്യപ്പെട്ടു.









