കേരളത്തിൽ മൂന്നും നാലും പാതകൾ;  അങ്കമാലി-ശബരി പാത ഉടൻ

 

 

ന്യൂഡൽഹി: കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതയ്ക്കായുള്ള പ്രവർത്തനത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിൽ അനുവദിച്ച ഓവർ ബ്രിഡ്ജുകൾക്കും അണ്ടർ ബ്രിഡ്ജുകൾക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

യുപിഎ സർക്കാരുകൾ കേരളത്തിന് അനുവദിച്ചിരുന്ന റെയിൽവേ ബജറ്റിനേക്കാൾ ഉയർന്ന തുകയാണ് നരേന്ദ്ര മോദി സർക്കാർ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്‌സിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ റെയിൽവേ ബജറ്റ് ശരാശരി 372 കോടിയിൽ നിന്ന് 3,042 കോടിയായി വർദ്ധിപ്പിച്ചുവെന്നും റെയിൽവേ മന്ത്രി എക്‌സിൽ കുറിച്ചു.

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയിൽപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ തുടങ്ങും. മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അടുത്ത ദിവസം തന്നെ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ജൂലായിൽ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതൽ തെക്കു വരെ മൂന്നും നാലും പാതകൾ ഒരുക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായത്.

അങ്കമാലി മുതൽ എരുമേലി വരെ 111.48 കി.മീ ദൈർഘ്യമുള്ളതാണ് 1997-98 റെയിൽവേ ബജറ്റിൽ നിർദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയിൽ 7 കി.മീ നിർമ്മാണവും നടന്നതാണ്.

ശബരിമല തീർത്ഥാടകർക്ക് വലിയ സഹായമാകുന്നതാണ് ഈ പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയെ റെയിൽവേയുമായി കണ്ണിചേർക്കുന്ന പാതയെന്ന പ്രത്യേകതയുമുണ്ട്.

Top News from last week.

Latest News

More from this section