കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പം; പലസ്തീൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

 

തിരുവനന്തപുരം: പലസ്തീൻ അംബാസഡർ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീൻ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഇസ്രായേലി അധിനിവേശവും പലസ്തീൻ ജനത നേരിടുന്ന പ്രശ്നങ്ങളും അംബാസഡറും വിശദീകരിച്ചു. ഈ നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം പലസ്തീന് ഐക്യദാർഢ്യവുമായി സമ്മേളനം നടത്താൻ ഒരുങ്ങുകയാണ് ഇടത് മുന്നണി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം സംഘടിപ്പിക്കുക. അബ്ദുളള മുഹമ്മദ് അബു ഷവേഷായിരിക്കും മുഖ്യാതിഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സംഘാടകർ.ഇടത് മുന്നണിയിലെ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം പറഞ്ഞു. സിപിഐഎം നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ സമിതി 2023 നവംബർ മാസത്തിലും കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

Top News from last week.

Latest News

More from this section